
യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടര്‍ന്നുപിടിക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (സിഡിസി) ഒടുവിലത്തെ കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.
ആകെ രോഗികളില്‍ 196 പേര്‍ അഞ്ച് വയസിന് താഴെ പ്രായമുള്ളവരാണ്. അഞ്ചിനും 19-നും ഇടയില്‍ പ്രായമുള്ള രോഗികളുടെ എണ്ണം 240 ആണ്. 20 വയസിനുമേല്‍ പ്രായമുള്ള 159 രോഗികളും പ്രായം ലഭ്യമല്ലാത്ത 12 രോഗികളുമാണ് ഉള്ളത്. രോഗം ബാധിച്ച രണ്ടുകുട്ടികള്‍ ടെക്‌സാസില്‍ മരിച്ചു. ന്യൂ മെക്‌സിക്കോയിലെ മുതിര്‍ന്ന ഒരാളുടെ മരണം അഞ്ചാംപനി കാരണമാണോ എന്ന് സംശയിക്കപ്പെടുന്നു.
21 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളാണ് സിഡിസിയുടെ കണക്ക് പ്രകാരം 'മീസില്‍സ് ഹോട്ട്‌സ്‌പോട്ടുകള്‍'. നിലവില്‍ രോഗം ബാധിച്ചവരില്‍ 74 പേരാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 42 പേര്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരും 19 പേര്‍ അഞ്ചിനും 19-നും ഇടയില്‍ പ്രായമുള്ളവരുമാണ്.
പ്രതിരോധ വാക്‌സിന്‍
പ്രതിരോധ വാക്‌സിന്‍ വഴി തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാംപനി. എംഎംആര്‍ വാക്‌സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. മീസില്‍സ്, മംപ്‌സ് (മുണ്ടിനീര്), റുബെല്ല (ജര്‍മ്മന്‍ മീസില്‍സ്) എന്നീ മൂന്ന് രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനാണ് എംഎംആര്‍.
ഒരു വയസ് മുതല്‍ 15 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് എംഎംആര്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. ഇതിലൂടെ രോഗത്തിനെതിരെ 93 ശതമാനം സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും. നാല് വയസിനും ആറ് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതോടെ സംരക്ഷണം 97 ശതമാനമായി ഉയരും.
എംഎംആര്‍ വാക്‌സിനെടുക്കേണ്ട കുട്ടികളില്‍ മൂന്നിലൊന്നുപേര്‍ക്കു വാക്‌സിന്‍ ലഭിച്ചിട്ടില്ല എന്നാണ് യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024-ല്‍ 68.5 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്. 2020-ല്‍ ഇത് 77 ശതമാനത്തിന് മേലെ ആയിരുന്നു.
അഞ്ചാംപനി ആദ്യമായി കാണുന്ന ഡോക്ടര്‍മാര്‍
യുഎസ്സിലെ യുവഡോക്ടര്‍മാരില്‍ പലരും ആദ്യമായാണ് അഞ്ചാംപനി ബാധിച്ചവരെ കാണുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളിലും പരീക്ഷാ പേപ്പറുകളിലും മാത്രമാണ് ഇവര്‍ അഞ്ചാംപനിയെ പരിചയപ്പെട്ടത്. ജീവിതത്തില്‍ ഒരിക്കലും കാണേണ്ടി വരില്ല എന്ന് കരുതിയ രോഗത്തെയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ തിരിച്ചറിയപ്പെടാന്‍ പ്രയാസമുള്ള രോഗമാണ് അഞ്ചാംപനി. മറ്റ് പല രോഗങ്ങളുടേതിനും സമാനമായ ലക്ഷണങ്ങളാണ് ഇതനുമുള്ളത്. അതിനാല്‍ തന്നെ പ്രായോഗിക പരിചയമില്ലാത്ത ഡോക്ടര്‍മാര്‍ രോഗികളെ കാണുമ്പോള്‍ മീസില്‍സ് സാധ്യതയെ കുറിച്ച് ചിന്തിക്കാനുള്ള സാധ്യത പോലും കുറവാണ്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മീസില്‍സ് രോഗികളെ പെട്ടെന്ന് തിരിച്ചറിയാനുള്ള പരിശീലനം ഉള്‍പ്പെടെയുള്ള നടപടികള്‍ യുഎസ്സില്‍ പുരോഗമിക്കുകയാണ്.
അഞ്ചാംപനി
മിക്‌സോ വൈറസ് വിഭാഗത്തില്‍ പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാംപനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തില്‍ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളില്‍ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
ലക്ഷണങ്ങള്‍
പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും.അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
എങ്ങനെയാണ് രോഗം പകരുന്നത്?
അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം സമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും അഞ്ചാം പനി പിടിപെടാം.
Content Highlights: Measles outbreak in USA. 607 cases reported in 21 states so fat. Some doctors seeing it first time
Published: 06 Apr 2025, 11:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented