വേഗത്തിൽ പടരുന്ന സാംക്രമികരോഗമായ മീസിൽസിന് മരുന്ന് വികസിപ്പിച്ച് ഗവേഷകർ. മീസിൽസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം വാക്സിനാണ്. ഒരു വ്യക്തിയിൽ നിന്നു മറ്റൊരാളിലേക്ക് മീസിൽസ് പടരുന്നത് പ്രതിരോധിക്കാനുള്ള മരുന്നുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകരിൽ പലരും. ഇപ്പോഴിതാ മീസിൽസ് വ്യാപനം തടയാനുള്ള ആൻറിവൈറൽ ഗുളിക വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.
പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനൊപ്പം ഭാവിയിലുണ്ടാകുന്ന രോഗവ്യാപനം കൂടി നിയന്ത്രിക്കാൻ മരുന്നിന് കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്. നിലവിൽ ഈ മരുന്നിനുമേൽ ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് GHP-88310 എന്ന പരീക്ഷണാത്മക ആൻറിവൈറൽ മരുന്ന് വികസിപ്പിച്ചത്. പോളിമെറേസ് എന്ന വൈറൽ എൻസൈമിനെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതാണ് ഈ മരുന്ന്. ഇതിലൂടെ വൈറസിന് വ്യാപിക്കാനുള്ള സാധ്യത ഇല്ലാതാവും.
രോഗവ്യാപനം തടയുക മാത്രമല്ല ഈ മരുന്ന് സ്വീകരിക്കുന്നതിലൂടെ രോഗമുക്തി വേഗത്തിലാകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. ഭാവിയിൽ മനുഷ്യരിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തി ഫലപ്രദമാണെന്നു കണ്ടെത്തിയാൽ രോഗവ്യാപനം പ്രതിരോധിക്കുക എളുപ്പമാകുമെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാക്സിനേഷൻ നിരക്ക് കുറഞ്ഞുവരുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മീസിൽസ് വ്യാപനം വർധിച്ചിട്ടുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ പുതിയ മരുന്നുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നുണ്ട്.
അതേസമയം മീസിൽസിനുള്ള വാക്സിനേഷനു പകരമല്ല ഈ മരുന്നെന്നും ഗവേഷകർ ഊന്നിപ്പറയുന്നുണ്ട്. മീസിൽസ് വാക്സിൻ അണുബാധയിൽ നിന്ന് മികച്ച പ്രതിരോധം നൽകുന്നവയാണ്. എന്നാൽ രോഗവ്യാപന സമയത്തോ, സമ്പർക്കത്തിനു ശേഷമോ, ഗുരുതരമായ രോഗസാധ്യതയുള്ളവർക്കോ, വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കോ അധിക സുരക്ഷ നൽകാനായി പുതിയ മരുന്നിനു കഴിഞ്ഞേക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
എന്താണ് അഞ്ചാംപനി? ലക്ഷണങ്ങൾ എന്തൊക്കെ?
മീസിൽസ് (അഞ്ചാംപനി) എന്നത് എല്ലാ പ്രായക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള അതിസാംക്രമികമായ ഒരു വൈറസ് രോഗമാണ്. എന്നാൽ ഇത് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ലോകമെമ്പാടും കുട്ടികളിലെ മരണങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നായി മീസിൽസ് തുടരുന്നു. രോഗബാധിതനായ വ്യക്തിയുടെ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിൽ നിന്നുള്ള വായുവിലൂടെ പകരുന്ന തുളളികളിലൂടെയാണ് ഈ വൈറസ് പടരുന്നത്.
രോഗലക്ഷണങ്ങൾ സാധാരണയായി അണുബാധയ്ക്ക് 10-14 ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടും. ഇതിൽ ഉയർന്ന പനി, മൂക്കൊലിപ്പ്, ചുവന്നതും കണ്ണീരൊഴുകുന്നതുമായ കണ്ണുകൾ, ചുമ, വായ്ക്കുള്ളിലെ ചെറിയ വെളുത്ത പാടുകൾ (കോപ്ലിക്സ് സ്പോട്ടുകൾ) എന്നിവ ഉൾപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ചുവന്ന പാടുകൾ മുഖത്തും ശരീരത്തിലും പടരുന്നു. പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം മുമ്പുവരെയും അതിന് ശേഷം നാല് ദിവസം വരെയുമാണ് ഒരാൾക്ക് രോഗം പകരാൻ സാധ്യതയുള്ളത്.
ചിലർക്ക് 2-3 ആഴ്ച കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും, ന്യുമോണിയ, കഠിനമായ വയറിളക്കം, ചെവിയിലെ അണുബാധ, എൻസെഫലൈറ്റിസ്, അന്ധത, മരണം എന്നിവ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് മീസിൽസ് കാരണമായേക്കാം. ഇതിന് പ്രത്യേക ആൻ്റിവൈറൽ ചികിത്സയില്ല.
പ്രത്യേക ചികിത്സയുടെ അഭാവവും അതിൻ്റെ അതിസാംക്രമിക സ്വഭാവവും കാരണം, മീസിൽസ് വ്യാപനത്തിനെതിരായ ഏറ്റവും നല്ല പ്രതിരോധം കൂട്ടായ പ്രതിരോധ കുത്തിവയ്പ്പ് ആണ്. ഓരോ സമൂഹത്തിലും മീസിൽസ് ഉൾക്കൊള്ളുന്ന വാക്സിൻ്റെ രണ്ട് ഡോസുകൾക്ക് കുറഞ്ഞത് 95% പ്രതിരോധ കുത്തിവയ്പ്പ് കവറേജ് നിലനിർത്തണമെന്നും, രോഗം നേരത്തെ കണ്ടെത്താനും ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
Content Highlights: Development of GHP-88310, an experimental antiviral pill for measles., Targets viral polymerase to stop virus replication., Complements vaccination rather than replacing it., Crucial for high-risk individuals and post-exposure protection.
Published: 26 Jul 2026, 05:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented