യറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 64-കാരന്റെ കുടലിൽനിന്ന് ചൈനീസ് ഡോക്ടർമാർ പുറത്തെടുത്തത് 52 വർഷം മുൻപ് വിഴുങ്ങിയ ടൂത്ത്ബ്രഷ്. പരിശോധനയ്ക്കിടെയാണ് കുടലിൽ കുടുങ്ങിക്കിടന്ന വസ്തു ഡോക്ടർമാർ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പേര് യാങ് എന്നാണെന്നും 12 വയസ്സുള്ളപ്പോഴാണ് ടൂത്ത് ബ്രഷ് വിഴുങ്ങിയതെന്നെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

To advertise here,

എന്നാൽ ഇക്കാര്യം മാതാപിതാക്കളോട് പറയാൻ യാങിന് ഭയമായിരുന്നു. ടൂത്ത്ബ്രഷ് തനിയെ അലിഞ്ഞുപോകുമെന്ന് ഇദ്ദേഹം വിശ്വസിക്കുകയും സാധാരണ ജീവിതം തുടരുകയുമായിരുന്നു. പിന്നീട്  അസാധാരണമായി ഒന്നും അദ്ദേഹത്തിന് തോന്നിയതുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

എൻഡോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി ഒരു മണിക്കൂറും 20 മിനിറ്റും കൊണ്ടാണ്‌ കുടലിൽനിന്ന് ബ്രഷ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു രോഗിയുടെ ദഹനവ്യവസ്ഥയിൽനിന്ന് ഒരു വസ്തു പുറത്തെടുക്കാൻ ഇത്രയധികം സമയമെടുക്കുന്നത് ആദ്യമായിട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ കുടലിന്റെ ഒരു ഭാ​ഗത്ത് ടൂത്ത്ബ്രഷ് കുടുങ്ങിക്കിടക്കുകയും പതിറ്റാണ്ടുകളായി ചലിക്കാതിരിക്കുകയുമായിരുന്നു.  

വാർത്ത വൈറലായതോടെ, സംഭവം അവിശ്വസനീയമാണെന്നും യാങ് ഭാ​ഗ്യവാനാണെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. ശരീരത്തിൽ ടൂത്ത്ബ്രഷ് കുടുങ്ങിയ ഒരാളെ ചൈനയിൽ കണ്ടെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2019-ൽ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഒരു ആശുപത്രി 20 വർഷം മുൻപ് വിഴുങ്ങിയ 14 സെന്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് പുറത്തെടുത്തിരുന്നു. 51 വയസ്സുകാരനായ ലീ എന്നാളായിരുന്നു ഇത്. 

വയറുവേദനയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാനിൽ ഒരു അജ്ഞാത വസ്തു കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗം വഴി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 20 വർഷം മുൻപ് ആത്മഹത്യാ ശ്രമത്തിനിടെ വിഴുങ്ങിയ ടൂത്ത് ബ്രഷാണിതെന്ന് ലീ പിന്നീട് ഡോക്ടർമാരോട് പറഞ്ഞു.