കൊട്ടാരക്കര: ഏഴുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. പെരുങ്കുളം നെടിയവിള പുത്തൻവീട്ടിൽ ബിജു(52)വാണ് മരിച്ചത്.
ബിജുവിന് ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
അലർജി പരിശോധനാ കുത്തിവെപ്പ് നൽകി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.
ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ദിവസക്കൂലി തൊഴിലാളിയായിരുന്നു ബിജു. അമ്മ: രാജമ്മ.
ആശങ്കയിലായി ബന്ധുക്കളും നാട്ടുകാരും
മാസങ്ങൾക്കുമുൻപ് നായയുടെ കടിയേറ്റ ബിജു പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ബിജുവിനെ തെരുവുനായ കടിച്ചതായി ഇവർക്കറിയാം. അന്ന് ആരോഗ്യപ്രവർത്തകർ നിർബന്ധിച്ചാണ് പ്രതിരോധ കുത്തിവെപ്പെടുപ്പിച്ചത്. ഒരു ഡോസ് മാത്രമാണ് എടുത്തത്. പിന്നീട് ആശുപത്രിയിൽ പോയില്ല. കഴിഞ്ഞ ദിവസം വിറയലും ചുമയും അനുഭവപ്പെട്ടതോടെ ബന്ധുക്കളാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ബിജുവിന്റെ ബന്ധുക്കളോടും അടുത്തിടപഴകിയവരോടുമെല്ലാം പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരിക്കുകയാണ്.
Content Highlights: A 52-year-old man in Kerala died from rabies seven months after being bitten by a stray dog
Published: 27 Aug 2025, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented