മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ സാമൂഹിക സമ്പർക്കങ്ങൾക്ക് വലിയ പങ്കാണുള്ളത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊക്കെയൊപ്പം സമയം ചെലവഴിക്കുന്നത് മാനസികസൗഖ്യം പകരും. ഏകാന്ത ജീവിതം നയിക്കുന്നവരിൽ സമ്മർദം കൂടാനും പലവിധ ആരോഗ്യപ്രശ്നങ്ങൾക്കുമൊക്കെ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ഏകാന്തത ഹൃദയ വാൽവിനും തകരാറുണ്ടാക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

To advertise here,

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ നാല് വാൽവുകളിൽ ഒന്ന് തകരാറിലാവുന്ന വാൽവുലാർ ഹാർട്ട് ഡിസീസ് കൂടിവരികയാണ്. ഏകാന്തതയും വാൽവ് തകരാറും തമ്മിൽ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2026-ലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 1999 മുതൽ 2020 വരെയുള്ള കാലത്ത് 440,000 പേരാണ് വാൽവിന് തകരാർ വന്നുമരിച്ചത്. ഏകാന്തത എങ്ങനെ ഈ അവസ്ഥയ്ക്കുള്ള സാധ്യത കൂട്ടുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തിയത്. യു.കെ. ബയോബാങ്കിൽ നിന്നുള്ള 463,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്.

ഏകാന്തത കൂടുതലായി അനുഭവിക്കുന്നവരിൽ വാൽവുലാർ ഹാർട്ട് ഡിസീസിനുള്ള സാധ്യത പത്തൊമ്പത് ശതമാനമാണെന്ന് ഗവേഷകർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, പുകവലി തുടങ്ങിയവയ്ക്കൊപ്പം ഏകാന്തതയേയും ഹൃദ്രോഗങ്ങളുടെ അപകടസാധ്യതാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ഗവേഷകർ പറയുന്നു.

ഏകാന്തത കടുത്ത സമ്മർദത്തിലേക്ക് നയിക്കുകയും ശരീരത്തിൽ നീർവീക്കത്തിനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാവും. ഇത് ക്രമേണം ഹൃദയവാൽവുകളുടെ തകരാറിലേക്കും നയിക്കുമെന്നാണ് കരുതുന്നത്.

ഏകാന്തത നിശബ്ദ കൊലയാളിയാണെന്നും പ്രതിവർഷം 8,71,000 ജീവനുകൾ കവർന്നെടുക്കുന്നു‌വെന്നും അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏകാന്തത ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഒറ്റയ്ക്കിരിക്കാതെ സാമൂഹികബന്ധങ്ങളുണ്ടാക്കണം എന്നുമാണ് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചത്.