ആലപ്പുഴ: ക്ഷയരോഗത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ കുടുംബശ്രീയും രംഗത്ത്. സംസ്ഥാനത്തെ ‘ടി.ബി.മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന ടി.ബി. സെല്ലുമായി ചേർന്നാണ് ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷ്യൻ, ഹെൽത്ത്, വാഷ്-സാനിറ്റേഷൻ (എഫ്.എൻ.എച്ച്.ഡബ്ല്യു.) പദ്ധതിയുടെ ഭാഗമായാണിത്. കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തി രോഗത്തെക്കുറിച്ചുള്ള അവബോധം താഴെത്തട്ടിൽ എത്തിക്കാനാണ് ശ്രമം.
കാംപെയ്ന്റെ ഭാഗമായി ജില്ല, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പുമായി സംയോജിച്ച് ആസൂത്രണ-ഏകോപന യോഗങ്ങളും വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
പരിശീലനം തുടങ്ങി
ജില്ലയിലെ സി.ഡി.എസ്. ചെയർപേഴ്സൺമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ഇതിനകം നൽകി. ഇവരിലൂടെ സി.ഡി.എസ്. അംഗങ്ങളിലേക്കും തുടർന്ന്, അയൽക്കൂട്ടങ്ങളിലേക്കും അവിടെനിന്ന് ഓരോ കുടുംബത്തിലേക്കും ബോധവത്കരണ സന്ദേശം എത്തിക്കും. ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ, രോഗവ്യാപനത്തിനു കാരണമാകുന്ന സാഹചര്യങ്ങൾ, രോഗനിർണയത്തിനുള്ള പരിശോധനകൾ, ലഭ്യമായ ചികിത്സാസംവിധാനങ്ങൾ, പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചാണ് ബോധവത്കരിക്കുന്നത്.
തെറ്റിദ്ധാരണകൾ മാറ്റാനും ലക്ഷ്യം
ക്ഷയരോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ഭീതിയും മാറ്റിയെടുക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. രോഗികളെ ഒറ്റപ്പെടുത്താതെ ആവശ്യമായ പിന്തുണയും കരുതലും നൽകേണ്ടതിന്റെ ആവശ്യകതയും ബോധവത്കരണത്തിന്റെ ഭാഗമായി ചർച്ചചെയ്യും. പ്രാദേശികതലത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ടി.ബി. സ്ക്രീനിങ് ക്യാമ്പുകളിൽ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ജില്ല മിഷൻ ജീവനക്കാർ, ബ്ലോക്ക് കോഡിനേറ്റർമാർ, സാന്ത്വന വൊളന്റിയർമാർ, കെ 4 കെയർ വൊളണ്ടിയർമാർ, ഹരിതകർമസേനാ അംഗങ്ങൾ, സാമൂഹികവികസന ഉപസമിതി കൺവീനർമാർ എന്നിവർക്ക് പ്രത്യേക അവബോധന പരിശീലനങ്ങളും നൽകും.
Content Highlights: Collaboration between Kudumbashree and State TB Cell for a TB-free Kerala., Leveraging FNHW project to disseminate health information to the household level., Comprehensive training for CDS chairpersons and volunteers on TB symptoms and nutrition
Published: 01 Aug 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented