കോഴിക്കോട്: കഴിഞ്ഞ എട്ടുവർഷത്തിനിടെ നാലാംതവണയാണ് ഭീതി പരത്തി നിപ കോഴിക്കോട്ടെത്തുന്നത്. ഓരോതവണയും കേന്ദ്രസംഘം ഉൾപ്പെടെ നിരവധി വിദഗ്ധർ ഇതിൽ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും എങ്ങനെ ഈ രോഗത്തെ പ്രതിരോധിക്കാമെന്ന് കണ്ടെത്താനായിട്ടില്ല.

To advertise here,

നിപയ്ക്ക് കാരണമാകുന്നത് വൈറസ് തന്നെയാണെന്നും ഈ വൈറസിന്റെ പ്രധാന വാഹകർ വവ്വാലാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് കോഴിക്കോട് എന്നതിനുമാത്രം കൃത്യമായ സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും ഇവിടത്തെ ചില പാരിസ്ഥിതിക കാരണങ്ങൾ വൈറസിന് കൂടുതൽ സാന്ദ്രത ലഭ്യമാക്കുന്നുവെന്നതാണ് നിരീക്ഷണം. ആവർത്തിച്ചുവരുന്ന ഈ മാരകരോഗത്തിന്റെ സാന്നിധ്യം എങ്ങനെ പ്രതിരോധിക്കാമെന്നത് മാത്രമാണ് ലക്ഷ്യം കാണാത്ത ഗവേഷണം. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളയാളിലേക്ക് രോഗാണു എങ്ങനെ എത്തിയെന്നത് ഇനിയും വ്യക്തമായിട്ടില്ല.

2018 മേയ് മാസത്തിൽ കോഴിക്കോട് ചങ്ങരോത്താണ് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് മലപ്പുറം, കോഴിക്കോട് സ്വദേശികളായ 17 പേർ രോഗബാധയെത്തുടർന്ന് മരിച്ചു. ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്തായിരുന്നു കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച ആദ്യരോഗി. ഒരു കുടുംബത്തിലെ മൂന്നുപേരും ഇവരെ പരിചരിച്ച നഴ്സ് ലിനിയുമാണ് അന്ന് ആദ്യം രോഗത്തിന് കീഴടങ്ങിയത്.

2021-ൽ ഒരാളും 2023-ൽ രണ്ടുപേരും രോഗംബാധിച്ച് മരിച്ചു. 2024-ലും 2025-ലും രോഗലക്ഷണങ്ങളോടെ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുവരെ സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം സ്വദേശികളായ 22 പേരാണ് നിപ രോഗബാധയെത്തുടർന്ന് മരിച്ചത്.