തിരുവനന്തപുരം: പതിനഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പേവിഷബാധയ്ക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് നൽകുന്ന പദ്ധതി വീണ്ടും ചർച്ചയാവുന്നു. സംസ്ഥാന വാക്സിനേഷൻ നയത്തിൽ ഇക്കാര്യം ശുപാർശ ചെയ്തിരുന്നു.
എന്നാൽ, കേന്ദ്രസർക്കാരിന്റെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സംസ്ഥാനത്തും പരിഗണിച്ചില്ല. സാമ്പത്തികബാധ്യതയാണ് സർക്കാരിനെ പിറകോട്ടുവലിച്ചത്. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, വെറ്റിനറി ഡോക്ടർമാർ എന്നിവർക്കൊപ്പം രണ്ടുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും മൂന്നുഡോസ് വാക്സിൻ നൽകണമെന്നായിരുന്നു ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി 2022-ൽ നൽകിയ ശുപാർശ.
പേവിഷബാധ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയും മൂന്ന് ഡോസ് വാക്സിനേഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35 ശതമാനത്തോളം കുട്ടികളാണെന്നാണ് വിലയിരുത്തൽ. മുഖത്തും കൈകളിലുമാണ് കൂടുതലും കടിയേൽക്കുന്നത് എന്നതിനാൽ കുട്ടികളിൽ അപകടസാധ്യത കൂടുതലാണ്.
തെരുവുനായ്ക്കളുടെ എണ്ണം അനുദിനം കൂടുന്നതിനൊപ്പം പേവിഷബാധയേറ്റുള്ള മരണങ്ങൾകൂടി റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിൽ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീഎക്സ്‌പോഷർ പ്രൊഫൈലാക്സിസ്) നടപ്പിലാക്കണമെന്ന് ഡോ. ബി. ഇക്ബാൽ പറഞ്ഞു.
മുൻകൂർ വാക്സിൻ സ്വീകരിച്ചവർക്ക് ഏപ്പോഴെങ്കിലും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് എടുക്കേണ്ടിവന്നാൽ വന്നാൽ രണ്ട് ബൂസ്റ്റർ ഡോസുകൾമാത്രം മതിയാകും. അതോടൊപ്പം റാബിസ് ഇമ്യൂണോഗ്ലോബുലിൻ ഉപയോഗിക്കേണ്ടിവരുകയുമില്ല.
ആദ്യഘട്ടം ഉടൻ വേണം -കെജിഎംഒഎ
എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് ഉടൻ നൽകണമെന്ന് ഡോക്ടർമാരുടെ സംഘടനായ കെജിഎംഒഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, വന്യജീവി പ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള മറ്റ് വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനിൽ നിർദേശിച്ചു.
വാക്സിനും ഇമ്യൂണോഗ്ലോബുലിനും
നായയുടെ കടിയേറ്റ് മുറിവേൽക്കുന്നവർക്ക് നൽകുന്ന റാബിസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും വൈറസിനെതിരേ ഫലപ്രദമാണ്. ഏതെങ്കിലും ജീവികളുടെ മുട്ടയിലോ കോശങ്ങളിലോ വളർത്തിയെടുക്കുന്ന റാബിസ് വൈറസിനെ കൊന്ന് ശുദ്ധീകരിച്ചശേഷമാണ് വാക്സിൻ തയ്യാറാക്കുന്നത്. ജീവനുള്ള വൈറസുകളില്ലാത്തതിനാൽ വാക്സിനേഷനിലൂടെ ഒരിക്കലും പേവിഷബാധയേൽക്കില്ല. പാർശ്വഫലങ്ങളുണ്ടാകുന്നതും വളരെ അപൂർവം. വാക്സിനെതിരേ കാലക്രമത്തിൽ ശരീരം പ്രതിരോധശക്തി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വൈറസിനെ ആ സമയത്തുതന്നെ നിർജീവമാക്കാനുള്ളതാണ് ഇമ്യൂണോഗ്ലോബുലിൻ. അതിനാലാണ് അപകടസാധ്യതയുള്ള മുറിവുകളിൽ ഇമ്യൂണോഗ്ലോബുലിൻ കുത്തിവെക്കുന്നത്.
ഡോ. ടി.എസ്. അനീഷ്
പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ
ഗവ. മെഡിക്കൽ കോളേജ്
കോഴിക്കോട്
Content Highlights: Universal Rabies Vaccination for Children Under 15
Published: 07 May 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented