തൃശ്ശൂർ: ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം തടയാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഫലംകാണുന്നു. 2024-ൽ മാത്രം സംസ്ഥാനത്ത് 1037 കോടി രൂപയുടെ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ കണക്ക്. നേരത്തേ ആറായിരം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്.

To advertise here,

സംസ്ഥാനത്തെ 100 കുടുംബാരോഗ്യകേന്ദ്രങ്ങളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. ഏറ്റവും അവശ്യഘട്ടങ്ങളിൽമാത്രം ആന്റിബയോട്ടിക്കുകൾ എന്ന നയത്തിലേക്കാണ് ഈ ആശുപത്രികൾ മാറുക. ഇവ പ്രവർത്തിക്കുന്ന പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷരപഞ്ചായത്തുകളായും പ്രഖ്യാപിക്കും.

രോഗാണുക്കൾ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ഭീഷണി മുന്നിൽക്കണ്ടാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കർമപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കംകുറിച്ചത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ലെന്ന നിർദേശം നല്ലരീതിയിൽ നടപ്പാക്കാൻ കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അണുബാധകളുമായി എത്തുന്നവരിൽ എത്ര തോതിൽ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ട് എന്ന് വിലയിരുത്തുന്നുണ്ട്.

ലക്ഷ്യം ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കൽ

കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. ബോധവത്കരണത്തോടൊപ്പം കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധനയും കർശനമാക്കി -വീണാജോർജ്, ആരോഗ്യ മന്ത്രി

സർക്കാർ ആശുപത്രികളിൽ വലിയ മാറ്റം

സർക്കാർ ആശുപത്രികളിലെ കുറിപ്പടികളിൽ വലിയമാറ്റമുണ്ടായി. പനി സീസണിൽ റീട്ടെയിൽ മേഖലയിലെ ആന്റിബയോട്ടിക് വിൽപ്പനയിൽ നല്ലരീതിയിൽ കുറവുണ്ട്. സ്വകാര്യ ആശുപത്രികളെക്കൂടി ഇതിന്റെ ഭാഗമാക്കാൻ കഴിഞ്ഞാൽ കൂടുതൽ മാറ്റമുണ്ടാകും -സനൽ സി. ആലപ്പുഴ

പൊതുജനാരോഗ്യ പ്രവർത്തകൻ