മലപ്പുറം: ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മിഠായി പദ്ധതിപ്രകാരം നൽകുന്ന ജീവൻരക്ഷാമരുന്നായ ഇൻസുലിൻ വെട്ടിക്കുറച്ചു. ഇതുവരെ ഓരോ കുട്ടിയുടെയും ആവശ്യത്തിനനുസരിച്ചായിരുന്നു മരുന്നും ഉപകരണങ്ങളും നൽകിയത്. ഏപ്രിൽ മുതൽ പ്രമേഹത്തിലെ വ്യത്യാസം പരിഗണിക്കാതെ എല്ലാവർക്കും നിശ്ചിത എണ്ണമാക്കി. ഇൻസുലിന്റെ വീര്യം മാറ്റുകയുംചെയ്തു. കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും കുടുംബത്തിന് സാമ്പത്തിയ ബാധ്യതയുമുണ്ടാക്കുന്നതാണ് നടപടി.
വില കൂടിയതാണ് ഇൻസുലിൻ കുറയ്ക്കാൻ കാരണമായി സാമൂഹികസുരക്ഷാ മിഷൻ പറയുന്നത്. അഞ്ചുവയസ്സിനു താഴെയുള്ളവർക്ക് മാസം ഒരു കാട്രിഡ്‌ജ് റാപിഡ് ആക്‌ടിങ് ഇൻസുലിനാണ് ഇനി കിട്ടുക. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നവർക്ക് ആറു കാട്രിഡ്‌ജ് വീതവും. അഞ്ചുവയസ്സിനു മുകളിലുള്ളവർക്ക് നാല് കാട്രിഡ്‌ജ് റെഗുലർ ഇൻസുലിനാണ് നൽകുക.
റെഗുലർ ഇൻസുലിൻ കുട്ടികൾക്ക് അനുയോജ്യമല്ല. കൂടുതൽ സമയം ഫലം നീണ്ടുനിൽക്കുമെങ്കിലും ഇത് ഷുഗർ ഏറ്റക്കുറച്ചിലടക്കമുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി പറയുന്നു. തികയാത്ത മരുന്ന് പുറത്തുനിന്നു വാങ്ങി ഉപയോഗിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.
കുട്ടികളിലെ പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിക്കാനും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൗജന്യമായി നൽകാനുമായാണ് സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴിൽ 'മിഠായി' പദ്ധതി തുടങ്ങിയത്. കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവന്തപുരം മെഡിക്കൽ കോളേജുകളിലും ഒൻപത് സാറ്റലൈറ്റ് കേന്ദ്രങ്ങളിലുമാണ് പദ്ധതിയുള്ളത്.
സാമ്പത്തികപ്രതിസന്ധി കാരണം ഇൻസുലിൻ വിതരണം പലപ്പോഴും മുടങ്ങുകയാണ്. നവംബർ മുതൽ നാലുമാസം മിക്ക ജില്ലകളിലും മരുന്ന് കിട്ടിയില്ല. മാസം 4000 രൂപവരെ ഓരോ കുട്ടിക്കും ഇൻസുലിന് ചെലവായി. മാർച്ചിൽ മരുന്ന് കിട്ടിയെങ്കിലും അടുത്തമാസം മുതൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പാവപ്പെട്ട രക്ഷിതാക്കൾ.
Content Highlights: Reduced insulin supply under Kerala`s Mitta` scheme impacts type 1 diabetic children
Published: 13 Mar 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented