തൃശ്ശൂർ: ആർത്തവമെന്നുകേട്ടാലേ പെണ്ണുങ്ങളുടെ കാര്യമെന്നുപറഞ്ഞ്‌ മാറിനിൽക്കുന്നവരാണ് മിക്ക പുരുഷൻമാരും. ഇതുസംബന്ധിച്ച പദ്ധതി, നയ രൂപവത്കരണവേളകളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, ആർത്തവശുചിത്വം ആണുങ്ങളുടെയും വിഷയമാണെന്ന് ജനപ്രതിനിധികളോട് പറയുകയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില). ആർത്തവശുചിത്വദിനമായ ചൊവ്വാഴ്ച, പതിവുവിട്ട് പുരുഷ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു കിലയുടെ ശില്പശാല.

To advertise here,

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സ്ഥിരംസമിതി അധ്യക്ഷൻമാരുമുൾപ്പെടെ നൂറ്റമ്പതോളം പേർ മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്തുനടന്ന പരിപാടിയിൽ പങ്കെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 10 ശതമാനം ഫണ്ട് വനിതാഘടകപദ്ധതികൾക്ക് നിർബന്ധമായും നീക്കിവെക്കണം. എന്നാൽ, ഭൂരിപക്ഷം പഞ്ചായത്തുകളും വനിതാസംരംഭങ്ങളടക്കമുള്ള പതിവുപദ്ധതികളിൽ മാത്രമൊതുങ്ങും. സംസ്ഥാന വനിതാവികസന കോർപ്പറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ നാപ്കിൻ വിതരണപദ്ധതിയായ ‘ഷിപാഡ്’ 430-ഓളം പഞ്ചായത്തുകളിൽ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. നൂറ്റമ്പതോളം ഗ്രാമപ്പഞ്ചായത്തുകളാണ് മെൻസ്ട്രൽ കപ്പ് പദ്ധതിക്കായി ഫണ്ട് നീക്കിവെച്ചത്.

മുന്നേപറന്ന് പുന്നപ്ര തെക്ക്

പഞ്ചായത്തിലെ 15-നും 45-നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തതിന്റെ അനുഭവം പങ്കുവെക്കാനാണ് വയലാർ സൗത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്‍ ക്ലാസിനെത്തിയത്. പദ്ധതി പൂർണ വിജയമായ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്തെന്ന സൈറസിന്റെ വാക്കുകൾ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. 13 ലക്ഷം നീക്കിവെച്ചാണ് 4681 പേർക്ക് കപ്പ് വിതരണംചെയ്തത്.

സാമൂഹിക ഉത്തരവാദിത്വം

ആർത്തവശുചിത്വമെന്നത് സ്ത്രീകളുടെമാത്രം വിഷയമല്ലെന്ന സന്ദേശം നൽകുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പുരുഷ ജനപ്രതിനിധിയെത്തന്നെ അയക്കണമെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു.

ഡോ. ജോയ്‍ ഇളമൺ

കില ഡയറക്ടർ