ചെന്നൈ: തമിഴ്‌നാട്ടിൽ 80 ശതമാനം പെൺകുട്ടികൾക്കും ആർത്തവസമയത്ത് ‘വീട്ടുതടവ്’ അനുഭവിക്കേണ്ടിവരുന്നതായി പഠനറിപ്പോർട്ട്. ഗ്രാമങ്ങളിൽ 86 ശതമാനത്തിലധികവും നഗരങ്ങളിൽ 74 ശതമാനവും പെൺകുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. ആർത്തവസമയങ്ങളിൽ പെൺകുട്ടികളെ വീട്ടിലെ ദിനചര്യകളിൽനിന്നും മതപരമായ മറ്റുചടങ്ങുകളിൽനിന്നും ഇപ്പോഴും മാറ്റിനിർത്തുന്നു. തമിഴ്‌നാട് ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനൊന്നിനും പത്തൊൻപതിനുമിടയിലുള്ള 393 പെൺകുട്ടികളുടെ ജീവിതരീതികളാണ് പഠനവിധേയമാക്കിയത്.

To advertise here,

സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ സാർവത്രികമായി ലഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ആർത്തവശുചിത്വം പാലിക്കപ്പെടുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തി. ഗ്രാമീണമേഖലയിലെ പെൺകുട്ടികളിൽ 62.5 ശതമാനവും നഗരങ്ങളിൽ 65.7 ശതനാനവും മാത്രമാണ് ശുചിത്വംപാലിക്കുന്നവർ. ‌

സർവേയിൽ പങ്കെടുത്ത എല്ലാവരും സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടെങ്കിലും ആർത്തവശുചിത്വത്തിൽ പുറകിലാണ്. കൃത്യമായ ആർത്തവശുചിത്വമില്ലെങ്കിൽ പ്രത്യുത്പാദനപ്രശ്നങ്ങൾ ഉൾപ്പെടെ ആരോഗ്യപ്രത്യാഘാതങ്ങൾ വർധിക്കുമെന്നും പഠനത്തിൽ മുന്നറിയിപ്പുണ്ട്.

സാനിറ്ററി നാപ്കിനുകൾ പലരും സുരക്ഷിതമായല്ല കളയുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ അഞ്ചിൽ നാല്‌ പെൺകുട്ടികളും നഗരപ്രദേശങ്ങളിലെ പകുതിയിലധികംപേരും പാഡുകൾ പ്രധാനമായും കത്തിക്കുകയാണ് ചെയ്യുന്നത്. സുരക്ഷിതമല്ലാത്തതും പരിസ്ഥിതിക്ക് ഹാനികരവുമായ രീതിയാണിതെന്ന് പഠനം ചൂണ്ടിക്കാട്ടി.

ആർത്തവസമയത്തെ അസ്വസ്ഥതകളാണ് മറ്റൊരു പ്രധാന ആശങ്കയായി തുടരുന്നത്. ഗ്രാമീണപെൺകുട്ടികളിൽ 72 ശതമാനത്തിലധികവും നഗരങ്ങളിലെ പെൺകുട്ടികളിൽ 85 ശതമാനത്തിലധികവും ആർത്തവത്തിനുമുൻപോ ശേഷമോ പലവിധത്തിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഇതിൽ ഏറ്റവുംകൂടുതൽപ്പേർ അനുഭവിക്കുന്നത് കടുത്ത വയറുവേദനയാണ്. ഇതുകാരണം ഗ്രാമീണമേഖലകളിലെ പെൺകുട്ടികളിൽ 15 ശതമാനംപേരും നഗരങ്ങളിൽ 23 ശതമാനംപേരും ആർത്തവസമയത്ത് സ്കൂളിൽനിന്ന് മടങ്ങുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കനകബാല ബാലസുബ്രഹ്മണ്യൻ, റോസ്ലിൻ വില്യം, തിരുനാവുക്കരശു, ഗീതാ മണി, വിദ്യ, ഗ്ലാഡിയസ് ജെന്നിഫർ എന്നിവർചേർന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.