തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2007 രോ​ഗികളാണ് നിലവിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിലെ രണ്ടുപേരുമാണ് മരിച്ചത്.   

To advertise here,

രാജ്യത്താകെ 7383 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതിൽ, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിലാണ്. കൂടാതെ, ​ഗുജറാത്ത്(1441), പശ്ചിമ ബം​ഗാൾ(747), ഡൽഹി(682), മഹാരാഷ്ട്ര(578) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ആരോഗ്യപാഠങ്ങൾ ഓർക്കുക
കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.

ലക്ഷണങ്ങൾ
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.