കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

To advertise here,

രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ മലിനമാകപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നു.

കഴിഞ്ഞവർഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. നാൽപതിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും ഉറവിടം സംഭവിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. സാധാരണഗതിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയും കാണാറുണ്ട്.

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പിസിആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തിൽ മരുന്നുകൾ നൽകിത്തുടങ്ങിയാൽ രോഗം ഭേദമാകും.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • മലിനമായ കുളത്തിൽ കുളിക്കരുത്
  • പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
  • വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
  • മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
  • ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.
  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
  • വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
  • മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.