വടകര: കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളില്‍ ജപ്പാന്‍ജ്വരത്തിന് കാരണമായ ആര്‍ബോ വൈറസിനെതിരായ വാക്‌സിനില്ല.
സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ഇമ്യൂണൈസേഷന്‍ പദ്ധതിയില്‍ ജപ്പാന്‍ജ്വരത്തെ പ്രതിരോധിക്കാനുള്ള ജെ.ഇ. വാക്‌സിന്‍ 2007 മുതല്‍ നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആദ്യം ബേപ്പൂരിലും ഇപ്പോള്‍ വടകരയിലും ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പില്‍ ജെ.ഇ. വാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധര്‍തന്നെ ഉന്നയിക്കുന്നുണ്ട്. ബി.സി.ജി., ഡി.പി.ടി., പോളിയോ വാക്‌സിന്‍, ഹിബ് വാക്‌സിന്‍, ഹെപ്പറ്റൈറ്റിസ് ബി, പെന്റാവാലന്റ് വാക്‌സിന്‍, റോട്ടാവൈറല്‍ വാക്‌സിന്‍, എം.എം.ആര്‍., ടി.ടി. ഇന്‍ജക്ഷന്‍ തുടങ്ങിയവയാണ് നിലവില്‍ ജില്ലയില്‍ നല്‍കുന്നത്.
ദേശാടനപ്പക്ഷികള്‍ വഴിയാവാം ബേപ്പൂരിലും വടകരയിലും ആര്‍ബോ വൈറസുകള്‍ എത്തുന്നത് എന്നാണ് പ്രാഥമിക നിഗമനം. ജില്ലയില്‍ തുടര്‍ച്ചയായി ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം എത്രമാത്രമുണ്ടെന്ന് കണ്ടെത്താനുള്ള സീറോ സര്‍വൈലന്‍സും വാക്‌സിനേഷന്റെ ആവശ്യകതയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖാന്തരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധര്‍.
കരുതല്‍ വേണം
കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനില്‍നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ജ്വരം പകരില്ല എന്നത് ആശ്വസകരമാണ്. പക്ഷേ, വൈറസുള്ള മറ്റ് ജീവികളില്‍നിന്ന് കൊതുക് വഴി മനുഷ്യശരീരത്തിലെത്തും എന്നതുകൊണ്ട് ജപ്പാന്‍ജ്വരം സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയുമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ മുട്ടയിടുന്ന ക്യൂലെക്സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.
രോഗലക്ഷണം
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നതുവരെയുള്ള ഇന്‍ക്യുബേഷന്‍ പീരിയഡ് അഞ്ചുദിവസം മുതല്‍ പതിനഞ്ച് ദിവസംവരെയാണ്. ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദിയും, ഓര്‍മക്കുറവ്, കഴുത്ത് തിരിക്കാന്‍പറ്റാത്ത അവസ്ഥ, മാനസികവിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മലിനജലത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതിനുള്ള സാഹചര്യം ഒഴിവാക്കണം.
- വീടും പരിസരങ്ങളും ശുചീകരിക്കുക.
- ചിരട്ടകള്‍, ഒഴിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.
- ഓടകള്‍ ശുചീകരിക്കുക.
- പൊതുസ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് തടയുക.
- രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ നടത്താതിരിക്കുക.
- മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ നടത്തുക.
- കൊതുകുകളെ ഉറവിടങ്ങളില്‍നിന്നു തന്നെ നശിപ്പിക്കുക.
Content Highlights: japanese encephalitis je vaccine not available in calicut
Published: 13 Dec 2022, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented