ആലപ്പുഴ: ആദ്യമായെത്തുന്ന പകർച്ചവ്യാധികൾ പിൻവാങ്ങാതെ തുടരുന്നത് ആരോഗ്യമേഖലയ്ക്കു വലിയ ഭീഷണിയാകുന്നു. വൈറസുകൾക്കു വസിക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെ നിലനിൽക്കുന്നതാണു കാരണം. ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ ചിക്കുൻഗുനിയയും ജപ്പാൻജ്വരവും സികയുമൊന്നും ഇപ്പോഴും കേരളം വിട്ടുപോയിട്ടില്ല.

To advertise here,

സംസ്ഥാനത്ത് ഈവർഷം രണ്ടുപേർക്ക് സിക പിടിപെട്ടു. ചിക്കുൻഗുനിയ 17 പേരെ ബാധിച്ചു. മൂന്നുപേർക്കു ജപ്പാൻജ്വരം വന്നു. ഒരാൾ മരിച്ചു. എന്നാൽ, ആദ്യമെത്തിയപ്പോഴുണ്ടായ ഭീകരത ഈ പകർച്ചവ്യാധികൾക്ക് ഇപ്പോഴില്ല. എങ്കിലും, ഇവ ഇനിയും പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

2006 സെപ്റ്റംബറിൽ ആലപ്പുഴയിലാണ് കേരളത്തിലാദ്യമായി ചിക്കുൻഗുനിയ സ്ഥിരീകരിച്ചത്. പിന്നീട് മറ്റു ജില്ലകളിലേക്കു പടർന്നു. നൂറിലധികം പേർ മരിച്ചു. മരണക്കണക്കുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയർന്നിരുന്നു. രോഗംപിടിപെട്ടവർക്ക് സന്ധിവേദനയുൾപ്പെടെയുള്ള അനുബന്ധരോഗങ്ങൾ ഇനിയും വിട്ടുമാറിയിട്ടില്ല.

2021 ജൂലായിലായിരുന്നു സിക വൈറസ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തായിരുന്നു തുടക്കം. സികയെയും പേടിക്കേണ്ട സ്ഥിതിയാണ്. ആലപ്പുഴയിൽ ഒരുകാലത്തു പടർന്നുപിടിച്ച ജപ്പാൻജ്വരം പിന്നീട് മറ്റുജില്ലകളിലുമെത്തി. ഇടയ്ക്കിടെ ഇപ്പോഴിതും പ്രത്യക്ഷപ്പെടുന്നുണ്ട്.

മൂന്നുരോഗങ്ങളും പകരുന്നത് കൊതുകുവഴിയാണ്. ഈഡിസ് കൊതുകാണ് സികയും ചിക്കുൻഗുനിയയും പരത്തുന്നതെങ്കിൽ, ക്യൂലക്സാണ് ജപ്പാൻജ്വരം പടർത്തുന്നത്.

കൊച്ചിയിൽ ഒരാളുടെ മരണത്തിനിടയാക്കിയ വെസ്റ്റ്‌നൈൽ പനിയും സ്ക്രബ് ടൈഫൈസുമെല്ലാം (ചെള്ളുപനി) മുൻപേ റിപ്പോർട്ടുചെയ്തിട്ടുള്ളതാണ്. 228 പേർക്കാണ് ഈവർഷം ചെള്ളുപനി ബാധിച്ചത്. അഞ്ചുമരണവുമുണ്ടായി.

സംസ്ഥാനത്തിനെന്നും വെല്ലുവിളി ഡെങ്കിപ്പനിയും എലിപ്പനിയും തന്നെ. ഏറ്റവുമധികം പേർക്കു രോഗം പിടിപെടുന്നതും മരിക്കുന്നതും ഈ രണ്ടുരോഗങ്ങൾ മൂലമാണ്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് 62 പേരും ഡെങ്കിപ്പനി പിടിപെട്ട് 19 പേരും മരിച്ചു.

മാലിന്യ നിർമാർജനം പ്രധാനം

കേരളത്തിലെ സാഹചര്യം വൈറസുകൾക്കും ബാക്ടീരിയകൾക്കും അനുകൂലമാണ്. ജനസാന്ദ്രത, മാലിന്യനിർമാർജനത്തിലെ പോരായ്മ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ തുടങ്ങിയവയെല്ലാം രോ​ഗം പടരുന്നതിന് സാഹചര്യമൊരുക്കുന്നു. 

ഡോ.ബി. പദ്മകുമാർ
മെഡിസിൻ വിഭാ​ഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളേജ്.

ചിക്കുന്‍ഗുനിയ

ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരുമിച്ച് ബാധിക്കുന്ന സന്ധിവേദനകള്‍ രോഗത്തിന്റെ പ്രത്യേകതയാണ്. സാധാരണയായി ആഴ്ചകള്‍ക്കുള്ളില്‍തന്നെ അപ്രത്യക്ഷമാകുന്ന സന്ധിവേദനകള്‍, കുട്ടികളിലും പ്രായമേറിയവരിലും മറ്റ് സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും മാസങ്ങളോളം നീണ്ടുനിന്നേക്കാം.

സാധാരണ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുന്‍ഗുനിയ, അപൂര്‍വമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം.

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത്. പകല്‍സമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ രോഗവ്യാപനം നടത്തുന്നു.

ഒരിക്കല്‍ രോഗബാധിതരായവരില്‍, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിക്കുന്നതുകൊണ്ട് വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത കുറവാണ്. ചിക്കുന്‍ഗുനിയ ഒരു വൈറസ് രോഗമായതുകൊണ്ട് ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ആവശ്യത്തിന് വിശ്രമം, പനി കുറയുവാനായി പാരസിറ്റമോള്‍ പോലെയുള്ള ലഘുവേദന സംഹാരികള്‍ തുടങ്ങിയവ മാത്രം മതിയാകും ചികിത്സയ്ക്ക്. പനിയെ തുടര്‍ന്ന് വിട്ടുമാറാത്ത സന്ധിവേദനകളുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിയും സന്ധിവാതരോഗങ്ങളുടെ ശമനത്തിനുപയോഗിക്കുന്ന ക്ലോറോഫിന്‍ മരുന്നുകളും ഉപകരിക്കും.

സിക വെെറസ്

ഫ്ലാവിവൈറസ് ഗണത്തിൽ പെട്ട സിക്ക വൈറസ് ആണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇതും ഒരു കൊതുകുജന്യ രോഗമാണ്. സിക വൈറസ് അണുബാധ തലച്ചോറിനെ ബാധിക്കുന്ന സങ്കീർണതകൾ ഉണ്ടാക്കുന്നു. ചെറിയ പനി ശരീരത്തിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ, സന്ധിവേദന, കണ്ണുകൾ ചുവക്കുക എന്നിവയാണ് സാധാരണഗതിയിൽ കാണുന്നത്.

പേശിവേദന, തലവേദന, കണ്ണിന് പിറകിലായി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ലൈംഗിക സംക്രമണം വഴിയും രോഗബാധ ഉണ്ടാകാം. ശുക്ലത്തിലും സ്ത്രീ ജനനേന്ദ്രിയ സ്രവങ്ങളിലും വൈറസ് നിലനിൽക്കാം. രക്തത്തിലൂടെയും അവയവദാനത്തിലൂടെയും സിക്ക വൈറസ് പകരാം.

സിക്ക വൈറസ് അണുബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. പനി, വേദന എന്നിവ ഭേദമാകാൻ പാരസറ്റമോൾ ഗുളികയും, നിർജ്ജലീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ദ്രാവകങ്ങൾ ഉൾപ്പെടെയുള്ള ചികിത്സയും, വിശ്രമവും രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയും ഇതിന്റെ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു.