കോഴിക്കോട്: ജില്ലയിൽ ഏഴു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, കുട്ടികളിൽ മസ്തിഷ്‌കജ്വരം പ്രതിരോധിക്കുന്നതിനുള്ള ഒറ്റത്തവണ കുത്തിവെപ്പ് കാംപെയ്ൻ തുടങ്ങി. ഒരുവയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകുന്നത്. ജില്ലയിൽ ഇതുവരെ ഈ കുത്തിവെപ്പ് കുട്ടികൾക്ക് നൽകിയിരുന്നില്ല.
തിരുവനന്തപുരത്തും ആലപ്പുഴയിലും ജപ്പാൻ മസ്തിഷ്കജ്വര കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അവിടത്തെ കുട്ടികൾക്കുമാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്. 2023 മുതൽ 2025 വരെയുള്ള സമയത്ത് കോഴിക്കോട് ജില്ലയിലും ഏഴു ജപ്പാൻ മസ്തിഷ്കജ്വര കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് മരണവുമുണ്ടായി. ഇതേത്തുടർന്നാണ് ജില്ലയിലും കുത്തിവെപ്പ് ആരംഭിച്ചതെന്ന് ഡിഎംഒ ഡോ. കെ.കെ. രാജാറാം പറഞ്ഞു. ഇതിനൊപ്പം, കേസുകൾ റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലും കുത്തിവെപ്പ് കാംപെയ്ൻ നടക്കുന്നുണ്ട്.
സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരെത്തിയും ആരോഗ്യകേന്ദ്രങ്ങൾ വഴിയുമാണ് ഒറ്റത്തവണ വാക്സിൻ നൽകുന്നത്. ഇനിമുതൽ കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ ഷെഡ്യൂളിലും ഇതുൾപ്പെടുത്തും. ഒൻപതാം മാസത്തിലും ഒന്നരവയസ്സിലും രണ്ടുതവണയായാണ് ഈ വാക്സിൻ നൽകുക.
ഒരുവയസ്സിനും 15 വയസ്സിനുമിടയിലുള്ള 6,76,176 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 3316 വാക്സിനേഷൻ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 20 ദിവസത്തോളം കാംപെയ്ൻ നടക്കും. ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ മാർഗം പ്രതിരോധ കുത്തിവെപ്പായതിനാൽ 700 രൂപവരുന്ന ഒരു ഡോസ് സൗജന്യമായാണ് നൽകുന്നതെന്നും ഡിഎംഒ പറഞ്ഞു.
30 ശതമാനം മരണനിരക്കും 30 ശതമാനം ദീർഘകാല വൈകല്യസാധ്യതകളുമുള്ള രോഗമാണിത്. 15 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വില്ലൻ ക്യുലക്സ് കൊതുകുകൾ
മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്സ് കൊതുകുകൾവഴിയാണ് രോഗം മനുഷ്യനിലെത്തുന്നത്. പന്നി, ചിലയിനം ദേശാടനപ്പക്ഷികൾ എന്നിവയിൽനിന്ന് രോഗാണു കൊതുകുകൾവഴി മനുഷ്യനിലെത്തി രോഗമുണ്ടാക്കും. രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 14 ദിവസംവരെയാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനെടുക്കുന്ന സമയം.
കടുത്ത പനി, കഠിനമായ തലവേദന, ഛർദി, സ്വഭാവവ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, അവയവങ്ങൾക്ക് തളർച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാൻ മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ. കൊതുകുനിയന്ത്രണമാർഗങ്ങൾ സ്വീകരിക്കുക, പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാർഗങ്ങൾ.
Content Highlights: Kozhikode launches a one-time vaccination campaign against Japanese Encephalitis (JE) for children aged 1-15.
Published: 18 Jan 2026, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented