ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം. ആ​ഗോളതലത്തിൽ ഈ കണക്ക് കുറയുകയാണെങ്കിൽ ഇന്ത്യയിൽ കൂടുകയാണെന്നാണ് ദി ലാൻസെറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 

To advertise here,

ഹൃദയാഘാതം, ​ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ സാംക്രമികേതര രോ​ഗങ്ങൾ രാജ്യത്ത് പ്രധാനപ്പെട്ട ആരോ​ഗ്യവെല്ലുവിളികളായി തുടരുന്നുവെന്ന് പഠനത്തിൽ പറയുന്നു. പ്രത്യേകിച്ച് മുതിർന്നവരും സ്ത്രീകളും മേൽപ്പറഞ്ഞ രോ​ഗങ്ങൾ ബാധിച്ച് മരിക്കുന്ന സാഹചര്യം കൂടുകയാണെന്നും പഠനത്തിലുണ്ട്. 

2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലും അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള പുരുഷന്മാരിലും സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മജിദ് ഇസാറ്റി പറഞ്ഞു. 

ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ സാധ്യത 2001-ൽ 46.7 ശതമാനവും 2011-ൽ വലിയ മാറ്റമില്ലാതെ 46.6 ശതമാനമായിരുന്നുവെങ്കിൽ 2019 ആയപ്പോഴേക്കും അത് 48.7 ശതമാനമായി കൂടിയെന്ന് ​ഗവേഷകർ കണ്ടെത്തി. 

എന്നാൽ ആ​ഗോളതലത്തിൽ സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ചുള്ള മരണനിരക്ക് കുറയുകയാണെന്നും ​ഗവേഷകർ പറയുന്നു. എല്ലാ സമ്പന്ന പാശ്ചാത്യ രാജ്യങ്ങളിലും ഈ പുരോ​ഗതി പ്രകടമാണ്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ ഡെന്മാർക്കും പിന്നിൽ അമേരിക്കയുമാണ്. ചൈന, ഈജിപ്ത്, നൈജീരിയ, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സ്ത്രീകളിലും പുരുഷന്മാരിലും സാംക്രമികേതര രോ​ഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ കുറഞ്ഞു. എന്നാൽ ഇന്ത്യയിലും പാപുവ ന്യൂ ​ഗിനിയയിലും വർധിക്കുകയും ചെയ്തു.