ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിനു പിന്നാലെ ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കി ഇന്ത്യ. കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതലയോഗം വിളിച്ചുചേർത്തു. ഇതുവരെ ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ സർക്കാർ നിരീക്ഷണം ശക്തമാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുചേർത്തുള്ള അവലോകന യോഗത്തിൽ എബോളയെ നേരിടാൻ രാജ്യം ഏതുരീതിയിലും സജ്ജമാണെന്ന് ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി കടക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും എബോള സ്ക്രീനിങ് സംവിധാനങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകി.
ടെസ്റ്റുകൾ, ട്രാക്ക് ചെയ്യൽ, നിരീക്ഷിക്കൽ തുടങ്ങിയവ ശക്തമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയോടും മന്ത്രി നിർദേശിച്ചു.
ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവരോ അവിടങ്ങളിലൂടെ യാത്ര ചെയ്ത് വരുന്നവരോ മുൻകരുതൽ പാലിക്കണമെന്ന് നേരത്തേ കേന്ദ്രം നിർദേശിച്ചിരുന്നു. പനി, ഛർദ്ദി, അകാരണമായ രക്തസ്രാവം, തലവേദന, അല്ലെങ്കിൽ രോഗബാധിതരായ വ്യക്തികളുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏതൊരാളും ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പ് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ ഉടൻ അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു. രോഗവ്യാപനമുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 900 കടന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 101 കേസുകളാണ് സ്ഥിരീകരിച്ചത്. ഡി. ആർ. കോംഗോയിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 904 ആയെന്നും 101 കേസുകൾ സ്ഥിരീകരിച്ചുവെന്നും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (CDC) പറഞ്ഞു. രോഗബാധിതരായി മരിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 119 ആയി.
പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് നിലവിലെ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക..
Content Highlights: Ebola Alert: India Strengthens Screening to Prevent Virus Outbreak
Published: 25 May 2026, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented