ന്യൂഡൽഹി: രാജ്യത്ത് സജീവ കോവിഡ് കേസുകൾ ഏഴായിരം കടന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 7154 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ രണ്ടും മധ്യപ്രദേശിൽ ഒന്നുമായി കോവിഡ് സംബന്ധമായ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 2165 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദവും ഉണ്ടെന്ന് ഇൻസാകോഗ് (Indian SARS-CoV-2 Genomics Consortium) അടുത്തിടെ പുറത്തുവിട്ട പുതിയ ഡേറ്റയിൽ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് XFG വകഭേദവുമെന്ന് ലാൻസെറ്റ് ജേർണലിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG ഉണ്ടായിരിക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുമാവുമെന്ന് ലാൻസെറ്റ് പഠനത്തിലുണ്ട്.
രാജ്യത്തെ നിലവിലെ രോഗവ്യാപനത്തിന് പിന്നിൽ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ (Indian Council of Medical Research) ഡയറക്ടർ ജനറലായ ഡോ. രാജീവ് ഭെൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.
ആരോഗ്യപാഠങ്ങൾ ഓർക്കുക
കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ് അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.
ലക്ഷണങ്ങൾ
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.
Content Highlights: India reports over 7000 active COVID-19 cases.
Published: 12 Jun 2025, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented