
ആലപ്പുഴ: ഡെങ്കിപ്പനി ബാധിതര്‍ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളില്‍ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷം. രോഗികളുടെ ബന്ധുക്കള്‍ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. അതേസമയം, വലിയ കുതിപ്പുണ്ടാക്കുമെന്നു കരുതിയ എഫെറിസിസ് എന്ന ആധുനിക സംവിധാനംവഴിയുള്ള രക്തദാനത്തിന് തണുപ്പന്‍ പ്രതികരണവുമാണ്.
ദാതാവിന്റെ രക്തം പൂര്‍ണമായും യന്ത്രത്തിലേക്കു കടത്തിവിട്ട് ആവശ്യമുള്ള ഘടകങ്ങളെടുത്തശേഷം തിരിച്ച് അവരുടെ ശരീരത്തിലേക്കുതന്നെ കയറ്റിവിടുന്ന സംവിധാനമാണിത്. ഇതുവഴി ഒറ്റത്തവണതന്നെ ആറു യൂണിറ്റുവരെ പ്ലേറ്റ്ലെറ്റ് കിട്ടും. ഇപ്പോഴത്തെ രീതിയില്‍ ഒന്നേ കിട്ടൂ. എഫെറിസിസ് വഴി പ്ലേറ്റ്ലെറ്റ് ലഭ്യത കൂടുമെന്നതിനാല്‍ അപൂര്‍വ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കും ആശ്വാസമാണ്.
പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളിലും പ്രമുഖ ബ്ലഡ് ബാങ്കുകളിലും ഈ യന്ത്രമുണ്ട്. എന്നാല്‍, രക്തദാതാക്കള്‍ക്ക് ഇതുസംബന്ധിച്ച ആശങ്ക മാറിയിട്ടില്ല. ഡയാലിസിസ് പോലുള്ള പ്രവര്‍ത്തനമായതിനാലാണ് പലരും മടിക്കുന്നതെന്ന് ആലുവ ബ്ലഡ് ബാങ്കിന്റെ ചുമതലയുള്ള ഡോ. എന്‍. വിജയകുമാര്‍ പറഞ്ഞു.
നേട്ടങ്ങള്‍
നിലവിലെ രീതിയില്‍ ഒരു ദാതാവില്‍നിന്ന് 150 മില്ലിലിറ്റര്‍ പ്ലാസ്മയാണു ലഭിക്കുക. എഫെറിസിസ് വഴി 500 മില്ലിലിറ്റര്‍ ശേഖരിക്കാം. സാധാരണമായി രക്തദാനം മൂന്നുമാസത്തിലൊരിക്കലേ അനുവദിക്കൂ. എന്നാല്‍, പുതിയരീതിയില്‍ മാസത്തില്‍ മൂന്നുതവണവരെ രക്തംകൊടുക്കാം.
കോട്ടങ്ങള്‍
താരതമ്യേന ചെലവു കൂടുതലാണ്. പരിശോധനാ കിറ്റിന് 8,000-10,000 രൂപയെങ്കിലും ആകുമെന്നതിനാല്‍ രോഗികള്‍ക്ക് ചെലവു കൂടും. രക്തബാങ്കുകള്‍ക്ക് കിറ്റ് സര്‍ക്കാര്‍ നല്‍കിയാല്‍ ചെലവു കുറയ്ക്കാനാകും. ഈ രീതിയിലെ രക്തദാനത്തിന് രണ്ടുമണിക്കൂറെങ്കിലും വേണം.
രക്തദാനം മുന്നോട്ട്
രക്തം ദാനംചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ ഓരോവര്‍ഷവും കൂടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,90,726 പേര്‍ രക്തം നല്‍കി. ഇതില്‍ 4,44,966 പേരും സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. ഇത് എഫെറിസിസ് വഴിയായാല്‍ നേട്ടം വര്‍ധിക്കും. ശരിയായ ബോധവത്കരണം നടത്തി അതുവഴി പ്ലേറ്റ്ലെറ്റ് ക്ഷാമം പരിഹരിക്കാനാകുമെന്നും ഡോ. വിജയകുമാര്‍ പറഞ്ഞു.
Content Highlights: increases in dengue cases; Donors are reluctant to switch to apheresis method
Published: 16 Jul 2024, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented