അടുത്തിടെയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ താൻ ഇംപോസ്റ്റർ സിൻഡ്രോം എന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് വ്യക്തമാക്കിയത്. ചെയ്യുന്ന കാര്യങ്ങളിൽ ഒരിക്കലും സന്തോഷം തോന്നിയിരുന്നില്ലെന്നും മറ്റൊരാൾ തന്റെ പേരുപറയുമ്പോൾ പോലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നുവെന്നും അനന്യ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബ്രിട്ടീഷ് നടി നവോമി വാട്സ്. കരിയറിൽ മികച്ച സംഭാവനകൾ കാഴ്ച്ചവച്ച നവോമിയെ ഹോളിവുഡ് വോക്ക് ഓഫ് ഫെയിമിൽ ആദരിക്കുന്നതിനിടെയാണ് ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
ഈ അംഗീകാരം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും താൻ ഇംപോസ്റ്റർ സിൻഡ്രത്തിലൂടെ കടന്നുപോകുന്നയാളാണെന്നും നവോമി പറഞ്ഞു. താനെപ്പോഴും കഷ്ടപ്പെടേണ്ട ആളാണെന്നാണ് സ്വയം തോന്നിയിരുന്നത്. എപ്പോഴും തന്നെത്തന്നെ തെളിയിച്ചുകൊണ്ടിരിക്കണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്നയാളാണ്. അതിനിടയ്ക്കാണ് ഇത് സംഭവിച്ചതെന്നും അത് സന്തോഷം പകരുന്നുവെന്നും നവോമി പറഞ്ഞു.
എന്താണ് ഇംപോസ്റ്റർ സിൻഡ്രോം?
ക്ലിനിക്കല്‍ വിശദീകരണത്തില്‍ ഇംപോസ്റ്റര്‍ സിന്‍ഡ്രോമിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. എന്നാല്‍ ആളുകള്‍ക്കുണ്ടാവുന്ന മാനസികമായ ഒരു അരക്ഷിതാവസ്ഥയായി അതിനെ വിശകലനം ചെയ്യാം. തന്റെ കഴിവുകളില്‍ മതിപ്പില്ലാത്ത, അവ വ്യാജമാണെന്ന് വിശ്വസിക്കുന്ന, ജീവിതത്തില്‍ എത്ര വിജയിയാണെന്ന് പറഞ്ഞാലും അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, നേടിയതൊക്കെ അനര്‍ഹമാണെന്ന് തോന്നുന്ന, നേടിയതൊക്കെ അപ്രതീക്ഷിത ഭാഗ്യമാണെന്നും വളരെ അടുത്ത് അതൊക്കെ നഷ്ടമാവുമെന്നും തോന്നുന്ന ഒരു തരം സാമൂഹികവും മാനസികവുമായ അരക്ഷിതാവസ്ഥയാണിത്.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റര്‍ സിന്‍ഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിന്‍ ക്ലാന്‍സും സൂസന്നെ ഇംസും ചേര്‍ന്നാണ്. വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണ കാണാറുള്ളത്. എന്നാല്‍ അത്യപൂര്‍വമായി പുരുഷന്മാരിലും ഇത് കണ്ടെന്നു വരാം.
വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് പ്രേരണകളാവാറുണ്ട്. ഇംപോസ്റ്റർ സിൻഡ്രത്തിലൂടെ കടന്നുപോകുന്നവരിൽ ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവ കണ്ടുവരാറുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവും ഇക്കൂട്ടരിൽ നന്നേ കുറവായിരിക്കും.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയും സൗഹൃദങ്ങളിലൂടെയും സംശയങ്ങളെ വെല്ലുവിളിച്ചുമൊക്കെ ഒരുപരിധിവരെ മറികടക്കാം. ഇതൊന്നും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടതും പ്രധാനമാണ്.
Content Highlights: British actress Naomi Watts opens up about experiencing Imposter Syndrome
Published: 14 Oct 2025, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented