
കൊച്ചി: രക്തദാനത്തിനും അനുബന്ധ സേവനങ്ങള്‍ക്കുമായി അതിനൂതന സംവിധാനങ്ങളൊരുക്കി ഐ.എം.എ. കൊച്ചിന്‍ വൊളന്ററി ഡോണര്‍ ബ്‌ളഡ് സെന്റര്‍. രക്ത സാംപിളുകളില്‍ സാംക്രമിക രോഗ പരിശോധന നടത്താനുള്ള നൂതന നാറ്റ് (എന്‍.എ.ടി.) ലാബും കൂടുതല്‍ പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 15-ന് ഐ.എം.എ. ബ്ലഡ് ബാങ്ക് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ബ്‌ളഡ് ബാങ്ക് മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്യും. നാറ്റ് ലാബ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും നവീകരിച്ച ഐ.എം.എ. ബ്ലഡ് ബാങ്ക്, ഐ.എം.എ. ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി.കുരൈ്യയ്പും ഉദ്ഘാടനം ചെയ്യും.
ഡബിള്‍ ചെക്കിന് എന്‍.എ.ടി. മെഷീന്‍
രക്തദാനം ചെയ്യുന്നവരുടെ സാംപിളുകളില്‍ സാംക്രമിക രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എന്‍.എ.ടി.) മെഷീന്‍ സംവിധാനമുള്ള ലാബ്. ദാതാക്കളില്‍ നിന്നെടുത്ത രക്തത്തില്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി. എയ്ഡ്സ് അടക്കമുള്ള രോഗങ്ങളുടെ പരിശോധന നടത്തണം. ഈ സാംപിളുകളില്‍ വൈറസുകളുടെ ജനിതക സാന്നിധ്യം തിരിച്ചറിയാന്‍ എന്‍.എ.ടി. മെഷീനു കഴിയും. കൂടാതെ രക്തത്തിലെ വൈറസ് സാന്നിധ്യത്തിന്റെ വിശദ വിവരവും ലഭ്യമാകും. കെമി ലൂമിനസെന്‍സ് സംവിധാനത്തില്‍ പരിശോധിച്ച രക്തസാംപിളുകള്‍ എന്‍.എ.ടി. മെഷീനുപയോഗിച്ച് പുനഃപരിശോധിക്കുമെന്ന് ബ്‌ളഡ് ബാങ്ക് ഓഫീസര്‍ ഡോ. രമ മേനോന്‍ പറഞ്ഞു.
എവിടെയും രക്തദാനം നടത്താം
എവിടെയും രക്തദാന ക്യാമ്പുകള്‍ നടത്താമെന്ന സാധ്യതയാണ് ഐ.എം.എ.യുടെ മൊബൈല്‍ ബ്‌ളഡ് ബാങ്ക് തുറന്നിടുന്നത്. ഒരേസമയം മൂന്നുപേര്‍ക്ക് രക്തദാനം നടത്താനുള്ള സൗകര്യം മൊബൈല്‍ ബ്‌ളഡ് ബാങ്ക് വാനിലുണ്ട്. ശേഖരിക്കുന്ന രക്തം വാനിലെ ബ്‌ളഡ് പ്രിസര്‍വിങ് റഫ്രിജറേറ്ററില്‍ ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. എഴുപതോളം ബ്‌ളഡ് ബാഗുകള്‍ ഈ വിധത്തില്‍ സൂക്ഷിക്കാം. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസിന്റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് 43 ലക്ഷത്തോളം രൂപയാണ് മൊബൈല്‍ ബ്‌ളഡ് ബാങ്കിനായി ചെലവിട്ടത്. വാന്‍ ബുക്ക് ചെയ്യാന്‍: 0484-2361549, 2350522.

സൗജന്യമായി ഉപയോഗപ്പെടുത്താം
'സംസ്ഥാനത്തെ രണ്ടാമത്തെ ചലിക്കുന്ന ബ്‌ളഡ് ബാങ്കാണ് കൊച്ചിയില്‍ സജ്ജമാകുന്നത്. രക്തദാന ക്യാമ്പ് നടത്താനായി പണം മുടക്കി ഹാളുകള്‍ അടക്കമുള്ള സംവിധാനം ബുക്ക് ചെയ്യുന്നതിനു പകരമായി മൊബൈല്‍ ബ്‌ളഡ് ബാങ്കിന്റെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം.'- ഡോ. ജുനൈദ് റഹ്‌മാന്‍, ഐ.എം.എ. കൊച്ചിന്‍ ബ്‌ളഡ് ബാങ്ക് സെക്രട്ടറി
Content Highlights: ima blood bank with advanced facilities
Published: 14 Aug 2024, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented