കോവിഡ് കാലം നമ്മുടെ ദൈനംദിന ശീലങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങുന്നില്ല. ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലുമെല്ലാം എല്ലാവരും മാസ്ക് ധരിച്ചാണ് പോകുന്നത്. മാസ്ക് ധരിക്കാത്തവർക്ക് പിഴശിക്ഷ കൂടി നടപ്പാക്കിയതോടെ എല്ലാവരുടെയും മുഖങ്ങൾ മാസ്ക്കിലായി. എന്നാൽ മാസ്ക് ശീലമാക്കിയതോടെ പലർക്കും ചർമത്തിൽ പലതരം അസ്വസ്ഥതകൾ തുടങ്ങി. മുഖത്ത് കുരുക്കൾ, വിയർക്കൽ, ചർമത്തിന് വരൾച്ച, ചുണ്ട് വരണ്ടുപൊട്ടൽ എന്നിങ്ങനെ പലതരം പ്രശ്നങ്ങളായി. വിയർപ്പും ചൂടും ബാക്ടീരിയ വളർച്ചയെ കൂട്ടി. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാകാനും ഇടയാക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം.

To advertise here,

മോയ്സ്ചറൈസർ ഉപയോഗിക്കാം

മുഖം വൃത്തിയാക്കാനായി നല്ലൊരു ക്ലെൻസറും മോയ്സ്ചറൈസറും തിരഞ്ഞെടുക്കണം. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഇത് തിരഞ്ഞെടുക്കാൻ. മാസ്ക് ഊരിയാലുടൻ ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കണം. ഇതിനുശേഷം ചർമത്തിന് യോജിക്കുന്ന മോയ്സ്ചറൈസർ പുരട്ടണം. വരണ്ട ചർമക്കാർ ്ക്രീം അടങ്ങിയതും, എണ്ണമയമുള്ള ചർമക്കാർ ജെൽ അടങ്ങിയതും സാധാരണ ചർമക്കാർ ലോഷൻ അടങ്ങിയതുമായ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

സൺസ്ക്രീൻ

പുറത്ത് പോകുമ്പോൾ സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കുക. മിനറൽ ബേസ്ഡ് സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ അടങ്ങിയിരിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡോ സിങ്ക് ഓക്സൈഡോ ചർമത്തിന് സംരക്ഷണം നൽകും.

പെട്രോളിയം ജെല്ലി

ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ ചുണ്ട് വരണ്ടുപൊട്ടാറുണ്ട്. പെട്രോളിയം ജെല്ലി പുരട്ടുന്നതുവഴി ചുണ്ടുകൾ മൃദുവാകും. മാസ്ക് ധരിക്കുന്നതിന് മുൻപും ഉറങ്ങാൻ കിടക്കുന്നതിനും മുൻപും ചുണ്ടുകളിൽ അല്പം പെട്രോളിയം ജെല്ലി പുരട്ടാം.

മേക്കപ്പ് ഒഴിവാക്കാം

മാസ്ക് ഉപയോഗിക്കുന്ന സമയത്ത് മേക്കപ്പ് കൂടി ഇടുന്നത് ചർമത്തിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ പുറത്തുകാണുന്ന കണ്ണുകളുടെ ഭാഗത്ത് മാത്രം മേക്കപ്പ് ഇട്ടാൽ മതി. ഇനി മേക്കപ്പ് ഇടണമെന്ന്നിർബന്ധമാണെങ്കിൽ എണ്ണയുടെ അംശം ഇല്ലാത്ത തരത്തിലുള്ള മേക്കപ്പ് ഇട്ടാൽമതി.

മാസ്ക് നല്ലത് വാങ്ങുക

മാർക്കറ്റിൽ ധാരാളം ഫാൻസി തരത്തിലുള്ള മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഭംഗിയേക്കാൾ ഉപരി മാസ്ക്കിന്റെ ഗുണനിലവാരം നോക്കണം. ചർമത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഗുണനിലവാരം കുറഞ്ഞവ ഉപയോഗിക്കരുത്. കോട്ടൺ മാസ്ക്കുകളാണ് നല്ലത്. ഓരോ ദിവസത്തെയും ഉപയോഗശേഷം മാസ്ക്കുകൾ ചൂടുവെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി മാത്രമേ അടുത്ത തവണ ഉപയോഗിക്കാവൂ.

Content Highlights:How to take care of your skin after excessive use of mask, Health