ജീവിതത്തിൽ പലതരത്തിലുള്ള സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവരുണ്ട്. ചിലർക്ക് തൊഴിൽമേഖലയിലെയും പഠനസംബന്ധവുമായ പ്രശ്നങ്ങളാകാം, മറ്റുചിലർക്ക് കുടുംബബന്ധങ്ങളിലെ സംഘർഷങ്ങളാകാം സമ്മർദത്തിലേക്ക് നയിക്കുന്നത്. സമ്മർദവും വണ്ണംവെക്കുന്നതും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുന്നതിനനുസരിച്ച് വണ്ണംകൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വിട്ടുമാറാത്ത സമ്മർദം വണ്ണംവെക്കാനും പ്രതിരോധശേഷി ദുർബലമാകാനും ഉറക്കമില്ലായ്മയുമൊക്കെ കാരണമാകും. സമ്മർദം കൂടുന്നത് വയറിലെ കൊഴുപ്പ്‍ വർധിക്കാനും കാരണമാകും, അതാണ് കോർട്ടിസോൾ ബെല്ലി എന്നറിയപ്പെടുന്നത്. സമ്മർദം കൂടുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുകയും ഇത് വിശപ്പ് കൂടാനും മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കാനും കാരണമാകും. ഇതുവഴി വയറ്റിൽ കൊഴുപ്പടിയുകയും ചെയ്യും.
സ്ട്രെസ്സ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളും വയറുചാടുന്നതും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് 2018-ൽ റോട്ടർഡാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നുണ്ട്. സ്ട്രെസ്സ് ബെല്ലി , കോർട്ടിസോൾ ബെല്ലി എന്നിങ്ങനെയെല്ലാം ഈ അവസ്ഥയെ വിളിക്കാറുണ്ട്. സമ്മർദം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ട്യൂമറുകൾ തുടങ്ങിയവ കോർട്ടിസോൾ നില വർധിക്കാൻ കാരണമാകാറുണ്ട്. ചിലരിൽ കോർട്ടിസോൾ നില കൂടുന്നതോടെ അമിതമായി ഭക്ഷണം കഴിക്കുകയും വണ്ണംവെക്കുകയും ചെയ്യുന്നതുകാണാറുണ്ട്. ഇത് കൂടുതലായും വയറിന് ചുറ്റും കൊഴുപ്പടിയുന്ന രീതിയിലാണ് പ്രകടമാവുക.
ശരീരത്തിൽ കോർട്ടിസോൾ നില കൂടുന്നതിന്റെ ലക്ഷണങ്ങൾ
- വണ്ണംവെക്കുക, പ്രത്യേകിച്ച് മുഖത്തും വയറിലും
- വയർ, സ്തനം, അരക്കെട്ട്, കൈകൾക്കടിയിൽ തുടങ്ങിയ ഭാഗങ്ങളിലെ പർപ്പിൾ സ്ട്രെച്ച് മാർക്കുകൾ
- പെട്ടെന്ന് ചതവ് സംഭവിക്കുക
- രക്തസമ്മർദം വർധിക്കുക
- ബ്ലഡ് ഷുഗർ വർധിക്കുക
- അമിതക്ഷീണം
- പേശീക്ഷയം
കോർട്ടിസോൾ നില കൂടുന്നത് ഗ്ലൂക്കോസ് ഉത്പാദനം വർധിപ്പിക്കും. അമിതമായുണ്ടാകുന്ന ഗ്ലൂക്കോസ് കൊഴുപ്പായി മാറി ശരീരത്തിലടിയും. പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യതയും കൂട്ടും. അടിവയറിൽ കൊഴുപ്പടിയുന്നതാണ് ഏറ്റവും അപകടകരം. ഇത് പ്രമേഹം, ഹൃദ്രോഗങ്ങൾ, ഫാറ്റി ലിവർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും.
സമ്മർദം, ഗർഭം, അമിത വ്യായാമം, ഗുരുതര രോഗങ്ങൾ, തൈറോയ്ഡ് തകരാറുകൾ, അമിതവണ്ണം, ചിലയിനം മരുന്നുകൾ തുടങ്ങിയവയെല്ലാം കോർട്ടിസോൾ നിലയെ ബാധിക്കാം.
സമ്മർദം അകറ്റാൻ ചില വഴികൾ
- സമ്മർദത്തിന് ഇടയാക്കിയ സന്ദർഭങ്ങൾ ഭാവിയിൽ എങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തുക.
- പ്രശ്‌നങ്ങളെ യാഥാർഥ്യ ബോധത്തോടെ സമീപിക്കുക.
- ദിനചര്യ ആസൂത്രണം ചെയ്യുക. ടൈം മാനേജ്‌മെന്റ് പരിശീലിക്കുക, നീട്ടിവയ്ക്കലുകൾ ഒഴിവാക്കുക.
- വിവിധയിനം റിലാക്‌സേഷൻ രീതികൾ അഭ്യസിക്കുക .
- വ്യായാമവും ആരോഗ്യഭക്ഷണവും ശീലമാക്കുക.
- അവരവർക്ക് വേണ്ടി അല്പം സമയം ചെലവഴിക്കുക.
- സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതും അവയെക്കുറിച്ച് എഴുതിവയ്ക്കുന്നതും സമ്മർദം കുറയ്ക്കും.
- സ്വന്തം ശരീരത്തെ പരിപാലിക്കുക.
- ആറു മുതൽ എട്ടു മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.
- പറയേണ്ട കാര്യങ്ങൾ സമാധാനപരമായി അവതരിപ്പിക്കുവാൻ ശീലിക്കുക.
- ദേഷ്യപ്പെടൽ കഴിയുന്നത്ര ഒഴിവാക്കുക, കോപനിയന്ത്രണം പരിശീലിക്കുക.
- ഒഴിവുസമയങ്ങൾ ദിനചര്യയുടെ ഭാഗമാക്കുകയും ഇഷ്ടപ്പെട്ട വിനോദങ്ങളിൽ പങ്കെടുക്കുകയും ഹോബികൾ കണ്ടെത്തുകയും ചെയ്യുക.
- ഓമനമൃഗങ്ങളെയോ പക്ഷികളെയോ വളർത്തുകയും ദിനവും അല്പസമയം അവയ്‌ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.
- പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക.
- കൂട്ടുകാരോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും കുട്ടികളോടും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സമ്മർദത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കാനും സമ്മർദം ചെറുക്കാൻ മെച്ചപ്പെട്ട വഴികൾ കൈക്കൊള്ളാനും സഹായിക്കും.
- ചെറിയ വെല്ലുവിളികൾ ഏറ്റെടുത്തു ശീലിക്കുന്നത് വലിയ പ്രശ്‌നങ്ങൾ വരുമ്പോൾ ഉറച്ചുനിൽക്കാൻ സഹായിക്കും.
- ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക.
വയറിൽ കൊഴുപ്പടിയുന്നത് തടയാനുള്ള മാർഗങ്ങൾ
- ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ് അതിൽ പ്രധാനം. വയറിലെ കൊഴുപ്പിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമുറകൾ ഉൾപ്പെടെ ശീലമാക്കാം. കലോറി കുറച്ച് ശരീരമാകെയുള്ള കൊഴുപ്പ് കുറയ്ക്കുന്നതും ഗുണംചെയ്യും.
- നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾക്കൊള്ളിക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവിഭവങ്ങളും സാച്ചുറേറ്റഡ് ഫാറ്റുമൊക്കെ കുറയ്ക്കാം.
- അമിതമദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്.
- ഉറക്കം കുറയുന്നതും പ്രധാനഘടകമാണ്. ഉറക്കക്കുറവ് ഹോർമോൺ നിലയിൽ മാറ്റംവരുത്തുകയും ഇത് വിശപ്പ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുകയും വയറിൽ കൊഴുപ്പടിയുകയും ചെയ്യും. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം കൃത്യമായി ഉറങ്ങാൻ ശ്രമിക്കാം.
- ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെതന്നെ ഗുണംചെയ്യുന്നതാണ് വെള്ളംനന്നായി കുടിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വണ്ണംകുറയ്ക്കാനാവും.
- മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാനപങ്കുണ്ട്. ഇവയും പരമാവധി കുറയ്ക്കണം.
- ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു.
- എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.
Content Highlights: High cortisol levels triggered by chronic stress lead to abdominal fat accumulation., Cortisol increases hunger and cravings for sugary, high-calorie foods., Effective management requires a combination of stress reduction techniques, healthy diet, and regular exercise.
Published: 30 Jul 2026, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented