രാവിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. പലരും ചായയും കാപ്പിയും കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. എന്നാൽ, വെറുംവയറ്റിൽ കഫീൻ അടങ്ങിയ ഈ പാനീയങ്ങൾ കുടിക്കുന്നത് നിർജ്ജലീകരണം, അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഊർജം പ്രദാനം ചെയ്യും
ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണവും ഉൽസാഹക്കുറവുമൊക്കെ അനുഭവപ്പെടുക. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.
ദഹനപ്രക്രിയ എളുപ്പത്തിലാക്കും
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും.
മെറ്റബോളിസം മെച്ചപ്പെടുത്തും
മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ശീലവും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചർമത്തിനും ഗുണം ചെയ്യും
ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്. അതിനാൽ അവയെല്ലാം പ്രതിരോധിക്കാൻ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കാം.
അസിഡിറ്റി കുറയ്ക്കും
വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണിത്.
Content Highlights: Benefits of Drinking Water on an Empty Stomach: Boost Energy and Digestion
Published: 10 Aug 2025, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented