ഏകദേശം 40 ശതമാനമാണ് ഹാന്റാ വൈറസ് ബാധയുടെ മരണനിരക്ക്

നെതർലൻഡ്‌സ് ആസ്ഥാനമായുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ ഒരാൾക്ക് കൂടെ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ച മൂന്നുപേർ ഉൾപ്പെടെ ഏഴ് പേർക്കാണ് നേരത്തേ അണുബാധ സ്ഥിരീകരിച്ചത്. ഇതോടെ കപ്പലിലെ ആകെ ഹാന്റാ വൈറസ് കേസുകളുടെ എണ്ണം എട്ടായെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഹാന്റാ വൈറസിന്റെ ആൻഡെസ് എന്ന അപൂർവ വകഭേദമാണ് കപ്പലിലുള്ളവർക്ക് ബാധിച്ചത്.
സാഹചര്യം ഗുരുതരമായതോടെ രോഗവ്യാപനം തടയാനായി ആഗോളതലത്തിൽ കോൺടാക്ട് ട്രെയ്‌സിങ്ങിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്ഒ. സ്വിസ് പൗരനാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന ഇയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പൽ കമ്പനി അയച്ച ഇമെയിൽ സന്ദേശത്തോട് യാത്രക്കാരൻ പ്രതികരിക്കുകയായിരുന്നുവെന്നും ഇയാൾക്ക് ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചതായി സ്വിസ് അധികൃതർ അറിയിച്ചുവെന്നും ഡബ്ല്യുഎച്ച്ഒ എക്‌സിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ (ഐഎച്ച്ആർ) പ്രകാരമാണ് രാജ്യാന്തര കോൺടാക്ട് ട്രെയ്‌സിങ് നടത്തുക. രോഗബാധിതരാകാൻ സാധ്യതയുള്ളവർ നിരീക്ഷണത്തിലാണെന്ന് ഉറപ്പാക്കാനും കൂടുതൽ വ്യാപനം നിയന്ത്രിക്കാനുമാണ് കോൺടാക്ട് ട്രെയ്‌സിങ് നടത്തുന്നതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
എന്താണ് ഹാന്റാ വൈറസ്?
എലികളാണ് ഹാന്റാവൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റാ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.
1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ലക്ഷണങ്ങൾ
സാധാരണ പനിക്കുസമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.
ചികിത്സ
ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
Content Highlights: WHO confirmed an eighth Hantavirus case on the MV Hondius cruise ship. A Swiss passenger is infected with the rare Andes variant, prompting a global contact tracing effort to contain the spread.
Published: 06 May 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented