തൃശ്ശൂർ: ജിഎസ്ടി നികുതി പരിഷ്കരണത്തിലൂടെ തിങ്കളാഴ്ച മുതൽ വിലകുറഞ്ഞത് 13 അർബുദരോഗ മരുന്നുകളും 11 ജനിതകരോഗ മരുന്നുകളും ഉൾപ്പെടെ 36 ജീവൻരക്ഷാ മരുന്നുകൾക്ക്. ഇതിൽ 33 എണ്ണത്തിന് 12 ശതമാനത്തിൽ നിന്ന് പൂജ്യംനികുതിയായി. മറ്റു മൂന്നെണ്ണം അഞ്ചു ശതമാനത്തിൽനിന്ന് പൂജ്യംനികുതിയായി.

To advertise here,

നികുതിക്കുറവിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കത്തക്കവിധത്തിൽ ക്രമീകരണം സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം ഏർപ്പെടുത്തിക്കഴിഞ്ഞു.

അർബുദമരുന്നിനും ജനിതകരോഗ മരുന്നിനും പുറമേ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ഇമ്യൂണോളജി പ്രശ്നങ്ങൾക്കുള്ള മൂന്നുവീതം മരുന്നുകൾ, രോഗം തിരിച്ചറിയാൻ സഹായിക്കുന്ന, പരമ്പരാഗത ആൻജിയോഡീമ, എസ്എംഎ തുടങ്ങിയവയ്ക്കുള്ള ഓരോ മരുന്നുവീതവുമാണ് 12 ശതമാനം നികുതിയിൽനിന്ന് നികുതി ഇല്ലാതായത്.

രക്താർബുദ ചികിത്സയ്ക്കുള്ള അസിമിനിബിന്റെ പ്രമുഖ ബ്രാൻഡിന് നിലവിൽ 2,40,000-ത്തിനുമുകളിലാണ് പരമാവധിവില. ഇതിനു കുറഞ്ഞത് 25,000 രൂപയുടെ കുറവ് വരുമെന്നുറപ്പാണ്. എല്ലാമരുന്നുകളുടെയും നികുതി പരമാവധി അഞ്ചുശതമാനമാക്കിയിട്ടുമുണ്ട്.

നികുതിയിളവിന്റെ പ്രയോജനം ഉപഭോക്താക്കൾക്കുണ്ടാകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചേംബർ ഓഫ് ഫാർമ ഓൺട്രപ്രനേഴ്‌സ് പറയുന്നു. ഇതിനുള്ള എല്ലാനടപടികളോടും സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സിനിൽ, ജനറൽ സെക്രട്ടറി ഷിബുകുര്യൻ എന്നിവർ വ്യക്തമാക്കി.

നികുതി നൽകിക്കഴിഞ്ഞ സ്റ്റോക്കുകൾ പുതിയ വിലയിലാണ് വിൽക്കേണ്ടത്. വ്യാപാരികൾക്ക് തിരിച്ചുകിട്ടേണ്ട നികുതി അടുത്ത ഇടപാടുകളിൽ തട്ടിക്കിഴിക്കും. ജിഎസ്ടി സംവിധാനമുള്ള എല്ലായിടത്തും ഇതായിരിക്കുംരീതി. കോമ്പൗണ്ടിങ് രീതി തുടരുന്ന ചുരുക്കംകടകളിൽ മാത്രമായിരിക്കും ചെറിയ ബുദ്ധിമുട്ടെന്നാണ് വിലയിരുത്തൽ.

പരാതികൾ അറിയിക്കാം

കുറഞ്ഞനിരക്കിൽ മരുന്നുകൾ വിൽപന നടത്തുന്നത് ഉറപ്പാക്കാൻ എല്ലാ ഇൻസ്പെക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ മൊത്ത വ്യാപാരികളും ഏജൻസികളും ഉള്ള എറണാകുളത്ത് പ്രത്യേകശ്രദ്ധയുണ്ടാകും. ക്ഷാമമോ വിലവ്യത്യാസമോ ബോധ്യപ്പെട്ടാൽ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ പരാതിപ്പെടാം. dckerala@gmail.com എന്ന മെയിലിലോ 8004253182 എന്ന ടോൾ ഫ്രീ നമ്പറിലോ പരാതികൾ ഉന്നയിക്കാം.

ഡോ. കെ.സുജിത് കുമാർ
സംസ്ഥാന ഡ്ര​ഗ്സ് കൺട്രോളർ