പിത്തസഞ്ചിയിൽ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകൾ രൂപപ്പെടുന്നത്. പിത്തസഞ്ചി പൂർണ്ണമായി ഒഴിയാതിരിക്കുക, പിത്തസഞ്ചിയിലെ പിത്തരസത്തിൽ എൻസൈമുകൾക്ക് അലിയിക്കാനാകാത്ത തരത്തിൽ അധിക കൊളസ്‌ട്രോൾ ഉണ്ടാവുക, കരൾവീക്കം (Liver cirrhosis) പോലെ പിത്തരസത്തിൽ വളരെയധികം ബിലിറൂബിൻ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം കല്ല് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവ കാരണം പിത്താശയത്തിനുണ്ടാകുന്ന തടസ്സമോ വീക്കമോ ആണ് ഗോൾബ്ലാഡർ അറ്റാക്കിന് കാരണമാകുന്നത്. 

To advertise here,

കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്നമാണ് ഗോൾബ്ലാഡർ അറ്റാക്ക്. അതിനാൽ, ഈ അവസ്ഥയുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഉടനടി വൈദ്യസഹായം നേടാൻ സഹായകരമാകും. അതുവഴി പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ തടയാനും സാധിക്കും. അത്തരത്തിൽ വൈദ്യപരിശോധന ആവശ്യമുള്ള ഗോൾബ്ലാഡർ അറ്റാക്കിന്റെ അഞ്ച് മുന്നറിയിപ്പ് ലക്ഷണങ്ങൾ പരിശോധിക്കാം. 

വയറുവേദന
ഗോൾബ്ലാഡർ അറ്റാക്ക് വയറിന്റെ മുകളിലോ,  വലതുവശത്തോ, നടുവിലോ കഠിനവും പെട്ടെന്നുള്ളതുമായ വേദന അനുഭവപ്പെട്ടേക്കാം. ഈ വേദന പുറകിലേക്കും വലത് തോളെല്ലിലേക്കും വ്യാപിക്കുകയും 20 മിനിറ്റ് മുതൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊഴുപ്പുള്ള ഭക്ഷണം കഴിച്ചതിനു ശേഷം പിത്താശയം പിത്തരസം പുറത്തുവിടാൻ ശ്രമിക്കുമ്പോൾ പിത്താശയക്കല്ലുകൾ തടസ്സം സൃഷ്ടിക്കുന്നതാണ് ഈ വേദനയ്ക്ക് കാരണമാകുന്നത്. 

വയറിലെ അസ്വസ്ഥതയും ഛർദിയും
പിത്താശയത്തിലെ തടസ്സം കൊഴുപ്പിന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനത്തിനും ഛർദ്ദിക്കും കാരണമാകും. വയറുവേദനയോടൊപ്പം ഛർദ്ദികൂടി ഉണ്ടാകുന്നതോടെ രോഗിക്ക് കൂടുതൽ അസ്വസ്ഥനാകുന്നു. ഛർദ്ദി നിർത്താതെ തുടരുകയോ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുകയോ ചെയ്യുന്നെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണണം. 

പനി
പിത്താശയത്തിലെ തടസ്സം cholecystitis എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് വീക്കത്തിനും അണുബാധയ്ക്കും കാരണമാകുന്നു. വയറുവേദനയോടൊപ്പം പനി, വിറയൽ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധവേണം. അണുബാധ പടരാൻ സാധ്യതയുള്ളതിനാൽ ഈ അവസ്ഥയ്ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. 

മഞ്ഞപ്പിത്തം
പിത്തസഞ്ചിയിലെ കല്ലുകൾ  പിത്തരസം രക്തക്കുഴലുകളിൽ പ്രവേശിക്കാൻ കാരണമാവുകയും അത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ അവസ്ഥ ചർമത്തിലും കണ്ണുകളുടെ വെള്ളയിൽ മഞ്ഞനിറത്തിന് കാരണമാകുന്നു. ഈ ലക്ഷണങ്ങൾ ഗുരുതരമായ തടസ്സത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, ഉടനടി വൈദ്യപരിശോധന ആവശ്യമാണ്. 

വിശപ്പില്ലായ്മ
പിത്തസഞ്ചിയിലെ കല്ലുകൾ മൂലം ദഹനപ്രക്രിയ തടസ്സപ്പെടുകയും, ഇത് വയറിളക്കത്തിനും ഭക്ഷണത്തോടുള്ള താത്പ്പര്യക്കുറവിനും കാരണമാകുന്നു. ഭക്ഷണത്തോടുള്ള താത്പ്പര്യക്കുറവോ കുറച്ച് കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി തോന്നുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്. 

(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോ​ഗങ്ങളുടെ ഭാ​ഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)