കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായി പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്. ശരിയായ ജീവിതരീതിയും ഭക്ഷണക്രമവും പിന്തുടർന്നാൽ മാത്രമേ കരളിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഫാറ്റി ലിവറിൽ നിന്നും സംരംക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം.

To advertise here,

ശുദ്ധീരിച്ച കാർബോഹൈഡ്രേറ്റുകൾ

  • വൈറ്റ് ബ്രെഡ്, പാസ്ത, മൈദ ഉത്പ്പന്നങ്ങൾ എന്നിവ ശരീരം പഞ്ചസാരയ്ക്ക് സമാനമായാണ് കൈകാര്യം ചെയ്യുന്നത്.
  • ഈ ഭക്ഷണങ്ങൾ വേഗത്തിൽ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുകയും ചെയ്യുന്നു.
  • ഈ വർധനവ് അധികമുള്ള പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റാൻ കരളിനെ പ്രേരിപ്പിക്കുന്നു. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ദീർഘകാലം ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വേഗത്തിലാക്കുകയും ചെയ്യും.
  • ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം മുഴുധാന്യങ്ങൾ ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ശീതളപാനീയങ്ങൾ

  • മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കരളിനെ പ്രതികൂലമായി ബാധിക്കുന്നു.
  • കുറഞ്ഞ അളവിലുള്ള മധുരപാനീയങ്ങളും ഫ്രക്ടോസും പോലും കരളിലെ കൊഴുപ്പ് ഉത്പാദനം ഇരട്ടിയാക്കും.
  • കരളിലെ കൊഴുപ്പ് വർധിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD), കരളിന്റെ പ്രവർത്തനത്തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു.
  • ദിവസവും മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

മദ്യപാനം

  • കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം.
  • അമിതമായ മദ്യപാനം കരളിൽ കൊഴുപ്പടിയുന്നതിനും, വീക്കത്തിനും, സിറോസിസിനും (cirrhosis) കാരണമാകുന്നു.
  • ദീർഘകാലത്തെ മദ്യപാനം ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിനോ കരൾ സ്തംഭനത്തിനോ കാരണമായേക്കാം.

എണ്ണയിൽ വറുത്ത ഭക്ഷണം

  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കരളിൽ കൊഴുപ്പ് അതിവേഗം വർധിപ്പിക്കുന്ന ദോഷകരമായ കൊഴുപ്പുകൾ ഉത്പാദിപ്പിക്കുന്നു.
  • ഇവയുടെ സ്ഥിരമായ ഉപയോഗം കരളിൽ കൊഴുപ്പടിയാൻ കാരണമാകും.
  • ഫാസ്റ്റ് ഫുഡുകളിൽ അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അവ കരളിന് ദോഷകരമാണ്.
  • ദിവസേനയുള്ള ഭക്ഷണത്തിന്റെ 20% ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സംസ്കരിച്ച മാംസം

  • ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് പോലുള്ള സംസ്‌കരിച്ച മാംസത്തിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
  • റെഡ് മീറ്റും സംസ്‌കരിച്ച മാംസവും സ്ഥിരമായി കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തിനും ലിവർ ഫൈബ്രോസിസിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ഈ ഭക്ഷണങ്ങൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും വീക്കം ഉണ്ടാക്കുകയും, കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)