അടുക്കളയിൽ സാധാരണയായി കാണുന്ന ഒന്നാണ് ഉലുവ. എന്നാൽ ഈ ഇത്തിരിക്കുഞ്ഞന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇപ്പോഴിതാ, ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയുകയാണ് ഡോ. പർമീത് കൗർ. ഉലുവ രാത്രി മുഴുവൻ കുതിർക്കുന്നത് അവയെ മൃദുവാക്കും. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നീ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

To advertise here,

ശരീരഭാരം കുറയും

ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുമെന്ന് ഡോക്ടർ പറയുന്നു. ഇത് പിന്നീട് ലഘുഭക്ഷണം കഴിക്കുന്നതിനോ അമിതമായി ഭക്ഷണം കഴിക്കുന്നതിനോ ഉള്ള സാധ്യത കുറയ്ക്കും. ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് ദഹനം സാവധാനത്തിലാക്കാൻ സഹായിക്കുമെന്നും അവർ ഡോക്ടർ പറയുന്നു.

പ്രമേഹം നിയന്ത്രിക്കുമോ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഇൻസുലിൻ സംവേദനക്ഷമത(insulin sensitivity) പ്രധാനമാണ്. ഇത് ഗ്ലൂക്കോസിന്റെ ഉപയോഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹമുള്ളവരെ സംബന്ധിച്ച് ഈ കാര്യം പ്രധാനമാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ദഹനം മെച്ചപ്പെടും

ദഹനപ്രശ്‌നങ്ങളുള്ളവർ ഫൈബർ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധത്തെ പ്രതിരോധിക്കാൻ സഹായിക്കും. അതിനൊപ്പം അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാൻ ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

ചർമത്തിനും നല്ലത്

ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉലുവ വെള്ളം നല്ലതാണ്. ഇത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഡോക്ടർ പറയുന്നു.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)