
കോഴിക്കോട് : യുഗാൺഡയിൽനിന്നുള്ള കുഞ്ഞിന് ആസ്റ്റർ മിംസിൽ മജ്ജമാറ്റിവെക്കൽ (ബോൺമാരോ ട്രാൻസ്‌പ്ലാന്റ്) നടത്തി. സിക്കിൾസെൽ അനീമിയ ബാധിച്ച ഫിലിപ്പ് എന്ന രണ്ടുവയസ്സുകാരനുമായി മാതാവ് റോസ് വട്ടാക്കായാണ് ചികിത്സതേടി കോഴിക്കോട്ടെത്തിയത്.
അസഹനീയമായ വേദനയും തുടർച്ചയായ അണുബാധയുംകൊണ്ട് ബുദ്ധിമുട്ടിയ ഫിലിപ്പിന് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് മാത്രമേ പ്രതിവിധിയുണ്ടായിരുന്നുള്ളൂവെന്ന് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ പറഞ്ഞു. ഫിലിപ്പിന്റെ ജ്യേഷ്ഠസഹോദരൻ തോമസിനെ ദാതാവായി സ്വീകരിച്ചാണ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഹെമറ്റോപോയറ്റിക് സ്റ്റെംസെൽ ട്രാൻസ്‌പ്ലാന്റ് എന്നരീതിയാണ് ഫിലിപ്പിന് സ്വീകരിച്ചതെന്ന് ഡോക്ടർമാർ പത്രസമ്മേളനത്തിൽപറഞ്ഞു.
കീമോതെറാപ്പി നൽകുകയും പിന്നീട് ഫിലിപ്പിന്റെ ശരീരത്തിലെ മജ്ജ പൂർണമായും നീക്കുകയും ചെയ്തു. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം രക്തത്തിലെ കൗണ്ട് ഭേദപ്പെട്ടനിലയിലെത്തിയപ്പോഴാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. ഇനി മറ്റു കുഞ്ഞുങ്ങളെപ്പോലെ സാധാരണജീവിതം നയിക്കാൻ ഫിലിപ്പിന് സാധിക്കുമെന്ന് ഡോ. കേശവൻ പറഞ്ഞു.
കേരളത്തിൽ വയനാട്ടിലെ ആദിവാസികൾക്കിടയിലാണ് അരിവാൾരോഗം എന്നപേരിൽ ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ജനിതകഘടനയിലുണ്ടാവുന്ന തകരാറാണ് തലമുറകളിലൂടെ രോഗം പകരാനിടയാക്കുന്നത്. എല്ലാ രോഗികൾക്കും മജ്ജമാറ്റിവെക്കൽപോലുള്ള സങ്കീർണമായ ചികിത്സാരീതി ആവശ്യമില്ല. 12 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സയാണ് യുഗാൺഡയിലെ കുഞ്ഞിന് വേണ്ടിവന്നത്. കെ.വി. ഗംഗാധരൻ, ഡോ. ഇ.കെ. സുരേഷ്‌കുമാർ, ഡോ. സുദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: family from uganda arrives in kozhikode for bone marrow transplant treatment
Published: 17 May 2022, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented