ന്യൂഡൽഹി: ഇന്ത്യയിൽ 43 ദശലക്ഷം സ്ത്രീകൾ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നുണ്ടെന്ന് പഠനം. പതിനഞ്ചുമുതൽ നാൽപ്പത്തിയഞ്ചുവരെ പ്രായത്തിനിടയിലെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണിത്. ആഗോളതലത്തിൽ പ്രത്യുത്പാദനപ്രായത്തിലുള്ള 190ദശലക്ഷം സ്ത്രീകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. എൻഡോമെട്രിയോസിസ് സംബന്ധിച്ച് രാജ്യത്തും കൃത്യമായ അവബോധമില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഈ മേഖലയിലെ ഗവേഷണങ്ങൾ കുറവാണെന്നും അവർ പറയുന്നു.
ആർത്തവവേദനയെ സാധാരണവൽക്കരിക്കുന്നതും എൻഡോമെട്രിയോസിസ് സംബന്ധിച്ച അവബോധം കുറയുന്നതുമാണ് രോഗസ്ഥിരീകരണം വൈകുന്നതിനു പിന്നിലെന്ന് പഠനത്തിൽ പങ്കാളിയായ ഡോ.പ്രീതി രാജ്ബാങ്ഷി പറയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളില്‍ എൻഡോമെട്രിയോസിസിനെ ഗൗരവകരമായി കാണുന്നില്ലെന്നും ഗവേഷണങ്ങളും നയങ്ങളും വരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
എൻഡോമെട്രിയോസിസിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളും സാമ്പത്തികപ്രതിസന്ധികളും അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്കാൻ, സി.ടി, എം.ആർ.ഐ സ്കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.
Content Highlights: endometriosis affects 43 million women in India says study
Published: 16 Feb 2024, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented