കുറ്റ്യാടി: പുതുതലമുറയ്ക്ക് മാതൃകയാണ് കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ സർജൻ ഡോ. പി.കെ. ഷാജഹാൻ. ഡോക്ടറുടെ ജോലി സമൂഹസേവനമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് അദ്ദേഹം.
വിദേശരാജ്യങ്ങളിലേക്കും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്കും ഡോക്ടർമാർ ചേക്കേറുമ്പോൾ 10 വർഷം തുടർച്ചയായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സർജറിവിഭാഗത്തിൽ സേവനംചെയ്യുകയാണ് ഇദ്ദേഹം. ഇതിനിടെ ചെയ്തത് ചെറുതും വലുതുമായ 7500-ഓളം ശസ്ത്രക്രിയകൾ.

2005-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും പിജിയും പൂർത്തിയാക്കി കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിയതാണ് ഇദ്ദേഹം. 2010-വരെ ഇവിടെ സേവനംചെയ്തു. തുടർന്ന് രണ്ടുവർഷം ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ. മൂന്നുവർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടേഷനിൽ പോയി. 2015-ൽ വീണ്ടും കുറ്റ്യാടിയിലെത്തി. പിന്നീടങ്ങോട്ട് കുറ്റ്യാടിക്കാർക്കൊപ്പമായി ജീവിതം. ആശുപത്രിയിലെ സർജറിവിഭാഗത്തിന്റെ നെടുംതൂണായി. ഒട്ടേറെ സാധാരണക്കാർക്ക് ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടത്തി.
കുറ്റ്യാടി ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് തുടക്കമിട്ടതും ഇദ്ദേഹംതന്നെ. മലയോരമേഖലയിലെ ആളുകൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടംചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെയോ, വടകര ഗവ. ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. കുറ്റ്യാടി ആശുപത്രിയെക്കാളും സ്ഥലവും സൗകര്യവുമുള്ള പേരാമ്പ്ര ഗവ. ആശുപത്രിയിലും നാദാപുരം താലൂക്ക് ഗവ. ആശുപത്രിയിലും ഇപ്പോഴും പോസ്റ്റ്മോർട്ടം ആരംഭിച്ചിട്ടില്ല. 2006-ൽത്തന്നെ ഇദ്ദേഹം കുറ്റ്യാടിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങി.
കുറ്റ്യാടിയിൽ ചാർജെടുക്കാൻ ഡോക്ടർമാർ മടികാണിക്കുന്ന കാലത്താണ് ഇദ്ദേഹം ഇവിടെയെത്തിയത്. ചുരുങ്ങിയകാലംകൊണ്ട് കുറ്റ്യാടിക്കാരുടെ മനസ്സിൽ ഇടംപിടിച്ചു. കുറ്റ്യാടി മലയോരമേഖലയിൽ പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാൽ ആദ്യം രോഗിയെ കൊണ്ടുവരുക കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ്. 24 മണിക്കൂറും അത്യാഹിതവിഭാഗം ഇല്ല എന്നത് കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ന്യൂനതയായിരുന്നു. എന്നാൽ, ഷാജഹാൻ ഡോക്ടർ മുൻകൈയെടുത്ത് 2014-15ൽ അത്യാഹിതവിഭാഗം ആരംഭിച്ചു. ആവശ്യപ്പെടുന്നതെന്തും സാധിച്ചുതരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഉറച്ചപിന്തുണ നൽകി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിലവിൽ ഏതാണ്ട് 30-ഓളം ഓപ്പറേഷൻ ആഴ്ചയിൽ അദ്ദേഹം ചെയ്യുന്നുണ്ട്. ശസ്ത്രക്രിയചെയ്യാൻ പണമില്ലാത്തതുകൊണ്ടുംമറ്റും ഇതിന് തയ്യാറാകാത്തവർ നമ്മുടെ ഇടയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഒരു മാറ്റംകൊണ്ടുവരാൻ ഗവ. ആശുപത്രികളെ, പ്രത്യേകിച്ച് ഗ്രാമപ്രദേശത്തുള്ള ആശുപത്രികളെ ശക്തിപ്പെടുത്തണം. അതിന് പുതുതലമുറയിലെ ഡോക്ടർമാർ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി ചങ്ങരംകുളം സ്വാദേശിയായ ഡോ. പി.കെ. ഷാജഹാൻ ചങ്ങരംകുളം യുപിയിലും കായക്കൊടി ഹൈസ്കൂളിലും പ്രീഡിഗ്രിക്ക് മടപ്പള്ളി ഗവ. കോളേജിലുമാണ് പഠിച്ചത്.
Content Highlights: Dr. P.K. Shajahan, a dedicated surgeon at Kuttiadi Taluk Hospital
Published: 01 Jul 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented