
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിനേക്കുറിച്ച് നടി സാമന്ത റൂത് പ്രഭു പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായ രീതിയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത്തരത്തിൽ ആരോഗ്യത്തെ അപകടകരമാക്കുംവിധത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കുകയോ പിഴയീടാക്കുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്നും 'ദി ലിവർ ഡോക്' ഡോ. സിറിയക് എബി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി സാമന്തയും നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ലെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നും സാമന്ത കുറിച്ചു. അതിനു മറുപടി നൽകിയിരിക്കുകയാണ് ഡോ. സിറിയക് എബി.
എക്സിൽ(മുൻപത്തെ ട്വിറ്റർ) പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡോ. സിറിയക് എബി വീണ്ടും പ്രതികരണമറിയിച്ചത്. അശാസ്ത്രീയവും കപടശാസ്ത്രപരവും അടിസ്ഥാനരഹിതവുമായ സമാന്തര ചികിത്സാരീതികളെ പ്രോത്സാഹിപ്പിച്ച സാമന്തയോടുള്ള തന്റെ 'പ്രകോപനപരമായ' വിമർശനത്തെ അവർ ഇരവാദം കളിച്ചും കൂടുതൽ സമാന്തര ചികിത്സകളെ പ്രോത്സാഹിപ്പിച്ചുമാണ് മറുപടി നൽകിയതെന്ന് ഡോക്ടർ കുറിച്ചു.
ആരോഗ്യരംഗത്ത് തെറ്റായ വിവരങ്ങൾ നൽകി തുടർച്ചയായി തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് സാമന്തയെന്നും മുൻപും ഇത് ചെയ്തിട്ടുണ്ടെന്നും ഡോക്ടർ കുറിക്കുന്നു. പൊതുജനാരോഗ്യത്തെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ സെലിബ്രിറ്റി അക്കൗണ്ടുകളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ തിരക്കിട്ട ജോലിക്കിടയിലും പോരാടുകയാണ് തന്നെപ്പോലുള്ള ഡോക്ടർമാർ. എൻഗേജ്മെന്റും സാമ്പത്തികനേട്ടവുമാണ് അവരുടെ പരിഗണനകൾ. പൊതുജനാരോഗ്യവും രോഗപ്രതിരോധവുമാണ് തനിക്ക് പ്രധാനം. അതിനാൽ വികാരങ്ങൾക്കു വഴങ്ങാനോ സമയം കളയാനോ ഇല്ലെന്നും തന്നെപ്പോലുള്ളവർ ഇത്തരം വിഷയങ്ങളിൽ വസ്തുതകൾ മുൻനിർത്തി പ്രകോപിതരാവുകയും രൂക്ഷമായി വിമർശിക്കുകയും ക്രൂരമാവുകയും ചെയ്യുമെന്നും അദ്ദേഹം കുറിക്കുന്നു.
മെച്ചപ്പെടണമെന്ന് അവകാശപ്പെടുന്നയാളിൽനിന്ന് താൻ കുറച്ചുകൂടി പ്രതീക്ഷിച്ചു. എന്നാൽ, ഇത് മെച്ചമാകുന്നതിൽനിന്ന് എത്രയോ അകലെയാണ്. പൊതുജാനാരോഗ്യത്തെ അപകടത്തിലാക്കുന്ന പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും ലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് ക്ഷമാപണം നടത്തുകയും കപട ചികിത്സാരീതികളേയും ചികിത്സകരേയും ഉദ്ധരിക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നതാണ് ഏറ്റവും യുക്തിപരമായ മറുപടി.
ഈ രാജ്യത്ത് ശാസ്ത്രീയ ചിന്താധാരകളോ യുക്തിപരമായ ചിന്തകളോ മെച്ചപ്പെടുമെന്നതിൽ ഒട്ടും പ്രതീക്ഷയില്ലെന്നും ഡോക്ടർ കുറിക്കുന്നുണ്ട്. എല്ലാവരും ശാസ്ത്രീയ വിമർശനത്തിന്റെ ഇരകളായി ഭാവിക്കുകയും ആരോഗ്യരംഗത്തെ ആധികാരികമല്ലാത്ത കാഴ്ചപ്പാടുകളെ മുറുകിപ്പിടിക്കുകയും പരമ്പരാഗതമായ, പരിശോധിക്കപ്പെടാത്ത നിരീക്ഷണങ്ങളെയും അപകടകരമായ ചികിത്സാരീതികളെയും നാണമില്ലാതെ സ്വീകരിക്കുകയും ചെയ്യും.
ജനങ്ങളെ പോസിറ്റീവായി സ്വാധീനിക്കണമെങ്കിൽ സെലിബ്രിറ്റി ഇൻഫ്ലുവൻസർമാർ പഠിക്കാൻ തുടങ്ങുകയും പഠിച്ചത് മറക്കുകയും വിമർശനാത്മക ചിന്താശേഷി വികസിപ്പിക്കുകയും മെഡിക്കൽ സയൻസിനെ പിന്തുണയ്ക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന, കപടശാസ്ത്രപരമായ സാമന്തയുടെ ഭാവി പോസ്റ്റുകളിൽ താൻ കമന്റ് ചെയ്യുകയോ നിരാകരിക്കുകയോ ചെയ്യില്ല. "മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവരെ നിങ്ങൾക്കൊരിക്കലും സഹായിക്കാനാവില്ല" എന്ന ജോൺ ആംസ്‌ട്രോങ്ങിന്റെ ഉദ്ധരണിയിലാണ് ഡോ.സിറിയക് പ്രതികരണം അവസാനിപ്പിക്കുന്നത്.
വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ പോസ്റ്റാണ് വിവാദമായത്. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നുപറഞ്ഞാണ് ഡോ. സിറിയക് ട്വിറ്ററിൽ ആദ്യത്തെ കുറിപ്പിട്ടത്. ആരോഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പുരോഗമനസമൂഹത്തിൽ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി സാമന്തയ്ക്കെതിരെ പിഴചുമത്തുകയോ അഴിക്കുള്ളിൽ ഇടുകയോ ചെയ്യപ്പെടുമെന്നും അദ്ദേഹം കുറിച്ചിരുന്നു.
തൊട്ടുപിന്നാലെ ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സാമന്തയെത്തി. ഫലം കണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നും സാമന്ത കുറിച്ചു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
സാമന്ത നൽകിയ മറുപടി പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ വായിക്കാം..
കഴിഞ്ഞ കുറച്ചുവർഷങ്ങളായി വ്യത്യസ്ത മരുന്നുകൾ സ്വീകരിക്കേണ്ടി വന്നിരുന്നുവെന്നും തന്നോട് കർശനമായും നിർദേശിച്ചിരുന്ന എല്ലാകാര്യങ്ങളും ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നുംപറഞ്ഞാണ് സാമന്ത കുറിപ്പ് ആരംഭിച്ചത്. ഈ ചികിത്സകളിലേറെയും വളരെ ചെലവേറിയതായിരുന്നു. തനിക്ക് ഈ ചെലവുകൾ വഹിക്കാനുള്ള പ്രാപ്തിയുണ്ടല്ലോ എന്നു ചിന്തിക്കുന്നതിനൊപ്പം അതിനു കഴിയാത്തവരേക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു. എന്നാൽ കുറേകാലം, പരമ്പരാഗത ചികിത്സാരീതികൾ തനിക്ക് ഗുണംചെയ്തില്ല. അത് താനായതുകൊണ്ടു മാത്രമായിരിക്കാമെന്നും മറ്റുള്ളവർക്ക് നന്നായി ഫലം ചെയ്യുമെന്നും അറിയാം.
അങ്ങനെയാണ് സമാന്തര ചികിത്സാരികളേക്കുറിച്ചും തെറാപ്പികളേക്കുറിച്ചും വായിക്കുന്നത്. പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കുമൊടുവിൽ അത്ഭുതകരമായി ഫലംചെയ്ത ചികിത്സകളും കണ്ടെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കാണുകയും പഠിക്കുകയും ചെയ്ത കാര്യങ്ങൾ നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ് നിർദേശിച്ചത്. പ്രത്യേകിച്ച് പല ചികിത്സാരീതികളും സാമ്പത്തികമായി തകർക്കുന്നതും പലർക്കും താങ്ങാത്തതുമാണ്.
ഒടുവിൽ വിദ്യാസമ്പന്നരായ ഡോക്ടർമാരെ തന്നെയാണ് നമ്മളെ നയിക്കാൻ ആശ്രയിക്കുന്നത്. ഈ ചികിത്സാരീതി തനിക്ക് നിർദേശിച്ചത് എം.ഡി.യെടുത്ത 25 വർഷത്തോളം ഡി.ആർ.ഡി.ഒ.യിൽ സേവനം അനുഷ്ഠിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള ഡോക്ടർ തന്നെയാണ്. പരമ്പരാഗത ചികിത്സാരീതിയിലുള്ള വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സമാന്തരചികിത്സാരീതിക്ക് വേണ്ടി വാദിക്കുകയായിരുന്നു.
തന്റെ പോസ്റ്റിനെ അദ്ദേഹം രൂക്ഷമായ വാക്കുകളോടെ ആക്രമിക്കുകയായിരുന്നു. തന്നേക്കാൾ കൂടുതൽ അദ്ദേഹത്തിന് അറിയും എന്നതിൽ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഉദാത്തമാണെന്നതിലും ഉറപ്പുണ്ട്. തന്നെ ജയിലിൽ അടക്കണം എന്നതുപോലുള്ള പ്രകോപനപരമായി വാക്കുകൾ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തോട് അനുകമ്പ തോന്നുമായിരുന്നു. താനൊരു സെലിബ്രിറ്റി എന്ന രീതിയിലല്ല പോസ്റ്റ് പങ്കുവെച്ചത്, മറിച്ച് ചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയ്ക്കാണ്. അതിനുവേണ്ടി ആരിൽനിന്നും പണംവാങ്ങുകയോ എന്തിനെങ്കിലും വേണ്ടി വാദിക്കുകയോ ചെയ്യുന്നില്ല. ഉയർന്ന പണച്ചെലവ് ആവശ്യമുള്ള രീതികൾ താങ്ങാൻ കഴിയാത്തവർക്കും പരമ്പരാഗത ചികിത്സാരീതികൾ ഫലം ചെയ്യാത്തവർക്കുമൊക്കെ വേണ്ടിയാണ് ഇത് നിർദേശിച്ചത്. മരുന്നുകൾ ഫലിക്കുന്നില്ല എന്നുകരുതി വിട്ടുകൊടുക്കാനാവില്ല.
തനിക്കു പുറകെവരാതെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുള്ള തന്റെ ഡോക്ടറെ അദ്ദേഹം മാന്യമായി വിളിച്ചിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഉയർന്ന യോഗ്യതയുള്ള രണ്ട് പ്രൊഫഷണലുകളുടെ സംവാദത്തിൽനിന്നും ചർച്ചകളിൽ നിന്നുമൊക്കെ പഠിക്കാൻ ആഗ്രഹിക്കുന്നയാളാണ് താൻ.
തന്റെ ആരോഗ്യത്തിന് ഗുണകരമായ ഇത്തരം ചികിത്സാരീതികളേക്കുറിച്ച് ഇനിമുതൽ പങ്കുവെക്കുമ്പോൾ കൂടുതൽ കരുതലെടുക്കും. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല അവ പങ്കുവെക്കുന്നത്. ആയുർവേദ, ഹോമിയോപ്പതി, അക്യുപങ്ചർ, ടിബെറ്റൻ മെഡിസിൻ, പ്രാണിക് ഹീലിങ് തുടങ്ങിയ ചികിത്സാരീതികളേക്കുറിച്ചൊക്കെ പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതുപോലൊന്നാണ് താനും ചെയ്തത്. തനിക്ക് ഫലംചെയ്ത ഒരുരീതി പങ്കുവെക്കുകയായിരുന്നു. സാമന്ത പറഞ്ഞു.
Content Highlights: doctor slams actress again asks her not to play victim
Published: 05 Jul 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented