ഓസ്ട്രേലിയയിലെ ഡിഫ്തീരിയ വ്യാപനത്തിൽ ഒരു മരണം. ഏപ്രിലിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ മരിച്ചയാൾക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. 2018ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഡിഫ്തീരിയ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈവർഷം മാത്രം 245 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1991-ന് ശേഷം ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് നോർത്തേൺ ടെറിട്ടറിയിൽ (NT) ഡിഫ്തീരിയ വ്യാപനം സ്ഥിരീകരിച്ചത്. വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ന്റെ അവസാനത്തോടെ കേസുകൾ വർധിക്കാൻ തുടങ്ങുകയും ഫെബ്രുവരിയോടെ ഇത് വലിയതോതിൽ ഉയരുകയുമായിരുന്നു.
രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളിൽ സർക്കാർ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പുതിയ കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരിക്കും ഈ വർഷം മെയ് മാസത്തിനും ഇടയിൽ നോർത്തേൺ ടെറിട്ടറിയിൽ 163 ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 48 എണ്ണം ശ്വാസകോശ സംബന്ധമായ കേസുകളും 115 എണ്ണം ത്വക്ക് സംബന്ധമായ കേസുകളുമായിരുന്നു.
ഈ വർഷം സ്ഥിരീകരിച്ച ഡിഫ്തീരിയ കേസുകളിൽ 60 ശതമാനവും നോർത്തേൺ ടെറിട്ടറിയിലാണ്, വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഏകദേശം 36 ശതമാനവുമാണ്. സൗത്ത് ഓസ്‌ട്രേലിയയിലും ക്വീൻസ്‌ലാൻഡിലും താരതമ്യേന കുറവാണ് റിപ്പോർട്ട് ചെയ്തത്.
ഗുരുതരമായ വ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ഗുരുതരമായ രോഗമാണ് ഇതെന്നും ഫെഡറൽ ഹെൽത്ത് മിനിസ്റ്റർ മാർക്ക് ബട്ട്ലർ ഏതാനുംദിവസങ്ങൾക്ക് മുമ്പ് എബിസി ന്യൂസിനോട് പറഞ്ഞിരുന്നു. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ കഴിയാവുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രോഗവ്യാപനം പ്രതിരോധിക്കാൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഒരിക്കൽ അപൂർവമായി കണക്കാക്കപ്പെട്ടിരുന്ന ഈ രോഗം ഓസ്‌ട്രേലിയയിലേയ്ക്ക് തിരിച്ചുവരികയാണെന്ന് കരുതുന്നതെന്ന് അധികൃതർ പറയുന്നു. വാക്സിനേഷൻ കുറഞ്ഞത്, ബൂസ്റ്റർ ഡോസുകൾ നൽകുന്നതിലെ കാലതാമസം, വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ, വിദൂര പ്രദേശങ്ങളിൽ ആരോഗ്യസംവിധാനം എത്താതിരിക്കുന്നത് തുടങ്ങിയവയാണ് നിലവിൽ രോഗികളുടെ നിരക്ക് കൂടുന്നതിന് കാരണമായി കരുതുന്നത്.
എന്താണ് ഡിഫ്തീരിയ?
വലിയതോതിൽ പടർന്നുപിടിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ. മൂക്ക്, തൊണ്ട എന്നിവയെയാണ് രോഗം പ്രധാനമായും ബാധിക്കുക. കൊറെയ്ൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു തൊണ്ടയെ ബാധിച്ച് അവിടെയൊരു കപടസ്തരം രൂപപ്പെടുന്നതോടെയാണ് അപകടസ്ഥിതി ഉണ്ടാകുന്നത്. ശ്വാസതടസ്സം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. ചികിത്സിക്കാതെ വിട്ടാൽ ജീവന് തന്നെ ഭീഷണിയായേക്കും. ചുമ, മൂക്കൊലിപ്പ്, രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകൽ എന്നിവയൊക്കെയാണ് രോഗംവ്യാപിക്കാൻ കാരണമാകുന്നത്.
ശ്വാസനാളം അടയുന്നതോടെ ഹൃദയപേശികൾക്ക് ക്ഷതമുണ്ടാക്കി മരണംവരെയുണ്ടാക്കാവുന്ന ഈ രോഗത്തെ തടയാൻ ശൈശവത്തിൽത്തന്നെ നൽകുന്ന പ്രതിരോധ കുത്തിവെപ്പിനു കഴിയും. ശിശു ജനിച്ച് നാലാമത്തെ ആഴ്ചയിലും പത്ത്, പതിന്നാല് ആഴ്ചകളിലുമാണ് ഡിഫ്തീരിയ വാക്‌സിൻ നൽകുന്നത്. ഒന്നര വയസ്സിൽ ആദ്യത്തെയും നാലര വയസ്സിൽ രണ്ടാമത്തെയും ബൂസ്റ്റർ ഡോസുകൾകൂടി നൽകുന്നതോടെ രോഗം വരാനുള്ള സാധ്യത അവസാനിക്കും. വാക്സിനേഷൻ സ്വീകരിക്കാത്തതും ഭാഗികമായി വാക്സിനേഷൻ നൽകുന്നതുമായ പല രാജ്യങ്ങളിലും ഡിഫ്തീരിയ ബാധ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Content Highlights: 245 diphtheria cases reported in Australia during 2026., First diphtheria-related death since 2018 recorded in April at Royal Darwin Hospital.
Published: 26 May 2026, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented