ആലപ്പുഴ: മഴക്കാലത്ത് കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ശുദ്ധമല്ലാത്തതിനാൽ ജില്ലയിൽ ഛർദിയും വയറിളക്കവും വ്യാപകമായി. ഒരാഴ്ചയ്ക്കിടെ മാത്രം 1,145 പേർ ചികിത്സതേടി. മഴക്കാലത്തിനുമുൻപ് ദിവസേന ശരാശരി 50 രോഗികൾ ചികിത്സതേടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 200-ലേറെയായി ഉയർന്നു.

To advertise here,

ആലപ്പുഴ വണ്ടാനത്തുള്ള സർക്കാർ നഴ്സിങ് കോളേജിലെ 19 വിദ്യാർഥിനികൾക്ക് കഴിഞ്ഞദിവസം ഛർദിയും വയറിളക്കവും പിടിപെട്ടിരുന്നു. ഭക്ഷണത്തിൽനിന്നോ വെള്ളത്തിൽനിന്നോ ആകാം രോഗം പിടിപെട്ടതെന്നാണു സംശയം. മോശംകുടിവെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) ഈ സീസണിൽ ജില്ലയിൽ റിപ്പോർട്ടുചെയ്തിട്ടുണ്ട്.

ജല അതോറിറ്റിയെയും ‘വിശ്വസിക്കരുത്’

ജല അതോറിറ്റി നൽകുന്ന കുടിവെള്ളം പൂർണമായും ശുദ്ധമാണെന്നുപറയാനാകാത്ത സ്ഥിതിയാണ്. പൈപ്പുപൊട്ടിയാൽ പലപ്പോഴും ദിവസങ്ങൾക്കുശേഷമാണ് അതു കണ്ടെത്തി പരിഹരിക്കുന്നത്. ഇതിനിടെ പൊട്ടിയപൈപ്പിലൂടെ രോഗാണുക്കൾ കുടിവെള്ളത്തിൽ കലർന്നിട്ടുണ്ടാകും.

അതുകൊണ്ടുതന്നെ ജല അതോറിറ്റി നൽകുന്ന വെള്ളമാണെങ്കിലും തിളപ്പിച്ചാറ്റിയശേഷമേ കുടിക്കാവൂ എന്നാണ് ഡോക്ടർമാർ നൽകുന്ന നിർദേശം.

സ്വകാര്യ ആർ.ഒ. പ്ലാന്റിലെ വെള്ളവും സൂക്ഷിക്കണം

കഴിഞ്ഞവർഷം ആലപ്പുഴ നഗരത്തിൽ ഛർദിയും വയറിളക്കവും വ്യാപകമായിരുന്നു. അന്വേഷണത്തിനൊടുവിൽ ചില സ്വകാര്യ ആർ.ഒ. പ്ലാന്റുകളിൽനിന്നുള്ള വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരിലാണ് രോഗബാധ കണ്ടെത്തിയത്.

വെള്ളം പരിശോധിച്ചപ്പോൾ ശുദ്ധമല്ലെന്നു തെളിഞ്ഞു. ഇതോടെ ആർ.ഒ. പ്ലാന്റുകളിൽ ചിലതിനു പൂട്ടുവീണു. പക്ഷേ, ജല അതോറിറ്റിയുടെ വെള്ളം മിക്കപ്പോഴും കിട്ടാത്തതിനാൽ ഇപ്പോഴും സ്വകാര്യ ആർ.ഒ. പ്ലാന്റുകളെ ആശ്രയിക്കുന്നവർ ഏറെയാണ്. ആർ.ഒ. പ്ലാന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചശേഷമേ കുടിക്കാവൂ എന്നുമാത്രം.

വൃത്തിയില്ലാത്ത ഹോട്ടലുകൾ സ്വയം ഒഴിവാക്കുക

ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാലരോഗം പടരുന്നതു തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, അവർക്കു പലപ്പോഴും എല്ലായിടവും എത്തിപ്പെടാനാകില്ല.

അതിനാൽ, വയറുകേടാകാതിരിക്കാൻ വൃത്തിയില്ലാത്ത ഹോട്ടലുകളിലെ ഭക്ഷണം സ്വയം ഒഴിവാക്കുന്നതാണു നല്ലതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.