
ദീപിക കക്കര്‍ 14 മണിക്കൂര്‍ നീണ്ട രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ഭര്‍ത്താവ് ഷൊയ്ബ് ഇബ്രാഹിം. ശസ്ത്രക്രിയയ്ക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഷൊയ്ബ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു.'-ഷൊയ്ബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തന്റെ പോസ്റ്റില്‍, ഷൊയ്ബ് അഭ്യുദയകാംക്ഷികള്‍ക്ക് അവരുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി പറഞ്ഞു. 'അവള്‍ ഐസിയുവില്‍ നിന്ന് പുറത്തുവന്നാല്‍ നിങ്ങളെ എല്ലാവരെയും വിവരമറിയിക്കും. ഒരിക്കല്‍ കൂടി നന്ദി, അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.' കുറിപ്പില്‍ പറയുന്നു.
ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ട്യൂമർ കണ്ടെത്തിയതിനേക്കുറിച്ച് ദീപികയും ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമും നേരത്തേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.
കരളിലെ കാൻസർ
കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനം മറ്റെതങ്കിലും കാരണം എന്നിവകൊണ്ടുണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾരോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറ് തുടങ്ങിയവയാണ് കരളിലെ കാൻസറിന്റെ പ്രധാന കാരണങ്ങൾ. പുരുഷന്മാരിലുണ്ടാകുന്ന അർബുദങ്ങളിൽ അഞ്ചാം സ്ഥാനവും സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനവും ഇതിനാണ്.
Content Highlights: Deepika Kakkar`s 14-Hour Liver Cancer Surgery
Published: 04 Jun 2025, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented