
ചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിനാലുള്ള ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. തൃഷ പാസ്രിച്ച.
ഡാര്‍ക്ക് ചോക്ലേറ്റ് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സഹായിക്കുമെന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ഒരു ലക്ഷത്തിലധികം പേർ ഭാഗമായ പഠനത്തെ ഉദ്ധരിച്ചുകൊണ്ടാണ് അവർ ഇക്കാര്യം പറയുന്നത്. ഓരോ ആഴ്ചയും ഏകദേശം അഞ്ച് ഔൺസ്(ഏകദേശം 140 ഗ്രാം) ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഒരിക്കലും ചോക്ലേറ്റ് കഴിക്കാത്തവരെയോ അപൂർവമായി കഴിക്കുന്നവരെയോ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 21% കുറവായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
അതേസമയം, ഈ ഗുണം ഡാർക്ക് ചോക്ലേറ്റിന് മാത്രമാണ് ബാധകമെന്ന് തൃഷ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ പഞ്ചസാര അടങ്ങിയ മിൽക്ക് ചോക്ലേറ്റിന് ഇതൊന്നും ബാധകമല്ലെന്നും അവർ പറയുന്നു. ഉയർന്ന കൊക്കോയുടെ അളവായിരിക്കാം ഇതിന് കാരണം. ധാരാളം പോളിഫെനോൾസും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഉൾപ്പെടെ ആരോഗ്യ ഗുണങ്ങളുമുണ്ടെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ, ചോക്ലേറ്റ് ഇഷ്ടമുള്ളവർ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുത്ത് മിതമായ അളവിൽ കഴിക്കുക. ഒരു ദിവസം ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങൾ മാത്രം കഴിച്ചാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Study shows dark chocolate may lower type 2 diabetes risk
Published: 05 Jul 2025, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented