അശാസ്ത്രീയമായ ചികിത്സകൾക്ക് പുറകെ പോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. രോഗം ഭേദമാക്കുമെന്നു പറഞ്ഞുള്ള തെളിയിക്കപ്പെടാത്ത ചികിത്സകൾക്ക് പുറകെ പോകുന്നവർക്ക് പാഠമാവുകയാണ് വെൽനസ് കോച്ച് കൂടിയായ യുവാവിന്റെ ദാരുണാന്ത്യം. കാൻസറിനെ അതിജീവിച്ച ക്രിസ്റ്റ്യൻ ട്രെൻഡ് എന്ന യുവാവിനാണ് സമാന്തര ചികിത്സയ്ക്ക് പിന്നാലെ പോയി ജീവൻ നഷ്ടമായത്.

To advertise here,

ആമസോൺ തവളയുടെ വിഷമുള്ള തൊലി ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാമെന്ന് പറഞ്ഞുള്ള അശാസ്ത്രീയ ചികിത്സാമാർഗമാണ് ക്രിസ്റ്റ്യൻ ചെയ്തത്. ബർക്കിറ്റ് ലിംഫോമ എന്ന മാരകമായ രക്താർബുദത്തെ അതിജീവിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് മരണവും സംഭവിച്ചത്.

"ക്രിസ്റ്റ്യൻ ദി ഫീൽ ഗുഡ് ഗൈ" എന്ന പേരിൽ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം ഹെൽത്ത് ടിപ്സ് പങ്കുവെക്കുന്നയാൾ കൂടിയാണ് ക്രിസ്റ്റ്യൻ. അർബുദ ചികിത്സയ്ക്ക് പിന്നാലെയാണ് ക്രിസ്റ്റ്യൻ അശാസ്ത്രീയമായ ചികിത്സാരീതികളുടെ ഭാഗമായിത്തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് തവളയുടെ തൊലി ഉപയോഗിച്ച് ശരീരം ശുദ്ധീകരിക്കാമെന്ന വാദത്തിൽ ക്രിസ്റ്റ്യനും വീണത്.

പരമ്പരാഗതമായി ആമസോണിൽ ആദിവാസി ഗോത്രങ്ങൾ ചെയ്യുന്ന രീതിയാണിത്. തെക്കേ അമേരിക്കയിലെ ഒരുതരം ഭീമൻ തവള സ്രവിക്കുന്ന മെഴുക് പോലുള്ള പദാർഥം ഉപയോഗിച്ചാണ് ശരീരം ശുദ്ധീകരിക്കുമെന്ന് പറയുന്നത്. ശത്രുക്കളെ അകറ്റാൻ തവളകൾ ഉപയോഗിക്കുന്ന വിഷാംശമുള്ള പദാർഥമാണിത്.

ഇതിന്റെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കുന്നവർ ഒരു ലിറ്റർ വെള്ളം കുടിക്കുകയും, പിന്നീട് കത്തിച്ച ഒരു വടി കൊണ്ട് തൊലിയിൽ ചെറിയ മുറിവുകൾ ഉണ്ടാക്കുകയും ആ മുറിവുകളിലേക്ക് വിഷാംശമുള്ള പദാർത്ഥം പുരട്ടുകയുമാണ് ചെയ്യുന്നത്. പുരുഷന്മാർക്ക് സാധാരണയായി കൈകളിലോ നെഞ്ചിലോ ആണ് മുറിവുകൾ ഉണ്ടാക്കുന്നത്, സ്ത്രീകൾക്ക് സാധാരണയായി കാലുകളിലാണ്. തുടർന്നുണ്ടാകുന്ന ഛർദിയും വയറിളക്കവും ശരീരം ശുദ്ധീകരിക്കപ്പെടുന്നതിന്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇത് ശാരീരികക്ഷമത വർദ്ധിപ്പിക്കുമെന്നും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുമെന്നും കരുതുന്നുണ്ട്.

ശരീരം ശുദ്ധീകരിക്കാൻ പോവുകയാണെന്ന് മകൻ തന്നോട് പറഞ്ഞിരുന്നുവെന്ന് ക്രിസ്റ്റ്യന്റെ അമ്മ ഏഞ്ചീ ദ ടെലഗ്രാഫിനോട് പറഞ്ഞു.

ഈ രീതി ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള ഗുണം നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അപസ്മാരം, കരൾ തകരാറിലാവുക, ഹൃദയാഘാതം, മരണ സാധ്യത എന്നിവയുൾപ്പെടെയുള്ളവയ്ക്ക് സാധ്യത കൂട്ടുന്നുവെന്നും വിദഗ്ധർ പറയുന്നുണ്ട്.

2019-ൽ ഒരു ഓസ്‌ട്രേലിയൻ യുവതിയും 2021-ൽ ഒരു ഓസ്ട്രേലിയൻ യുവാവും ഈ രീതി സ്വീകരിച്ചതിനു പിന്നാലെ മരിച്ചിരുന്നു. കാൻസർ രോഗികൾക്കിടയിൽ ശരീരം ശുദ്ധീകരിക്കാനെന്ന പേരിൽ ബദൽ ചികിത്സയായി വ്യാപകമായി വിപണനം ചെയ്യപ്പെടുന്നു രീതിയുമാണിത്. ബ്രസീൽ, ചിലി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ വിഷപദാർഥത്തിന്റെ വിൽപന നിയമവിരുദ്ധമാണെങ്കിലും, യു.കെയിലോ യു.എസിലോ ഈ വിഷാംശം നിരോധിച്ചിട്ടില്ല.