പാലക്കാട്: ഒരിടവേളയ്ക്കുശേഷം കോവിഡ് വീണ്ടും വ്യാപിക്കുമ്പോൾ സംസ്ഥാനത്ത് കോവിഡ് മുൻകരുതൽ കുത്തിവെപ്പ്‌ സ്വീകരിച്ചത് 19 ശതമാനംപേർ മാത്രം. ഒന്നും രണ്ടും ഡോസ് കുത്തിവെപ്പെടുക്കുന്നതിലുള്ള താത്‌പര്യം പലരും മുൻകരുതൽ കുത്തിവെപ്പെടുക്കുന്നതിൽ കാണിക്കുന്നില്ലെന്നതിന്റെ സൂചനയാണിത്. മുൻകരുതൽ ഡോസിന്റെ ലഭ്യതക്കുറവും ഇതിന് കാരണമാണ്.

To advertise here,

കോവിഡ് ഒന്നും രണ്ടും ഡോസ് പോലെ മുൻകരുതൽഡോസ് എളുപ്പത്തിൽ ജനങ്ങളിലേക്കെത്തുന്നില്ല. സർക്കാർ ആശുപത്രികളിൽ 60 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇതിനുപുറമെയാണ് സ്വകാര്യ ആശുപത്രികളിൽനിന്ന്‌ വാക്സിൻ നൽകുന്നത്. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർ സ്വകാര്യ ആശുപത്രികളിൽനിന്ന് നിശ്ചിതതുക നൽകിയാണ് കുത്തിവെപ്പെടുക്കേണ്ടത്.

പണംനൽകി വാക്സിനെടുക്കാൻ മിക്കവരും താത്പര്യം കാണിക്കുന്നില്ല. നിലവിൽ കോവിഡ് മുൻകരുതൽ കുത്തിവെപ്പെടുത്തവരിൽ ഭൂരിഭാഗംപേരും വിദേശത്ത് പോകേണ്ടവരാണ്. മുൻകരുതൽ കുത്തിവെപ്പെടുപ്പിക്കുന്നതിൽ അധികൃതരും വേണ്ടത്ര താത്‌പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം കഴിഞ്ഞവർക്കാണ് കോവിഡ് മുൻകരുതൽ ഡോസ് നൽകുന്നത്. സർക്കാർ ആശുപത്രികളിൽനിന്ന് മുൻകരുതൽ ഡോസ് നൽകുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് അതതിടത്തെ ആരോഗ്യകേന്ദ്രങ്ങളുടെയോ ആശ വർക്കർമാരുടെയോ സഹായത്തോടെ മുൻകരുതൽ ഡോസെടുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.