കൊച്ചി: അനാവശ്യ ചികിത്സകളെക്കുറിച്ചുള്ള ആശങ്ക ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ വൈകാൻ കാരണമാകരുതെന്ന് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐ.സി.സി.കെ.) പറഞ്ഞു.

To advertise here,

അനാവശ്യ പരിശോധനകളും ആൻജിയോപ്ലാസ്റ്റിയും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സംഘടന. ഓരോ ചികിത്സയ്ക്കും വ്യക്തമായ വൈദ്യശാസ്ത്രപരമായ ആവശ്യകത ഉണ്ടായിരിക്കണമെന്ന നിലപാടിനോട് പൂർണമായി യോജിക്കുന്നതായും ഐ.സി.സി.കെ. അറിയിച്ചു.

“ഹൃദയാഘാത സമയത്ത് നടത്തുന്ന അടിയന്തര ആൻജിയോപ്ലാസ്റ്റിയെ മുൻകൂട്ടി നിശ്ചയിച്ച ചികിത്സയുമായി താരതമ്യം ചെയ്യാനാകില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ പെട്ടെന്ന് അടയുമ്പോൾ എത്രയും വേഗം രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നത് ഹൃദയപേശി സംരക്ഷിക്കാനും പലപ്പോഴും ജീവൻ രക്ഷിക്കാനും അടിയന്തര ആൻജിയോപ്ലാസ്റ്റി നിർണായകമാണ്.” ഐ.സി.സി.കെ. പ്രസിഡന്റ് ഡോ. രാജേഷ് ടി. പറഞ്ഞു.

സംഘടനയുടെ സംസ്ഥാനതല രജിസ്ട്രി കണക്കുകൾ പ്രകാരം കേരളത്തിൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റികളിൽ 70 ശതമാനത്തിലേറെയും അടിയന്തരവും ഗുരുതരവുമായ ഹൃദയാവസ്ഥകളുമായി ബന്ധപ്പെട്ടവയാണെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക ഹൃദ്രോഗചികിത്സയിൽ രോഗനിർണയവും ചികിത്സാ തീരുമാനങ്ങളും കൂടുതൽ കൃത്യവും വസ്തുനിഷ്ഠവുമായി മാറിയിട്ടുണ്ട്. ഇ.സി.ജി., കാർഡിയാക് മാർക്കറുകൾ, കൊറോണറി ഇമേജിങ്, ആവശ്യമായിടത്ത് കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ എന്നിവയിലൂടെ ആൻജിയോപ്ലാസ്റ്റി ആവശ്യമായ രോഗികളെ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ ഇന്ന് സാധ്യമാണെന്ന് ഡോ. രാജേഷ് പറഞ്ഞു.

ആൻജിയോപ്ലാസ്റ്റികളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനു പകരം, ഓരോ നടപടിക്കും വ്യക്തമായ ചികിത്സാ ആവശ്യകത ഉണ്ടോ, അടിയന്തര ചികിത്സ ആവശ്യമായവർക്ക് അത് സമയത്ത് ലഭിച്ചോ എന്നിവയാണ് പരിഗണിക്കപ്പെടേണ്ടതെന്ന്
ഐ.സി.സി.കെ. ചൂണ്ടിക്കാട്ടി.

ഹൃദയചികിത്സകളെക്കുറിച്ചുള്ള പൊതുവായ അവിശ്വാസം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. കടുത്ത നെഞ്ചുവേദനയോ ഹൃദയാഘാത സൂചനകളോ ഉണ്ടായാൽ പരിശോധനയെയോ ആൻജിയോപ്ലാസ്റ്റിയെയോ കുറിച്ചുള്ള ഭയം മൂലം ആശുപത്രിയിലെത്തുന്നത് വൈകിക്കരുതെന്ന് ഐ.സി.സി.കെ. ജനറൽ സെക്രട്ടറി ഡോ. ലൂയി ഫിഷർ പറഞ്ഞു.

“രോഗലക്ഷണങ്ങൾ കണ്ട ഉടൻ ആശുപത്രിയിലെത്തുന്നത് വളരെ പ്രധാനമാണ്. അങ്ങനെ വന്നാൽ രോഗനിർണയം വേഗത്തിൽ നടത്തി അനുയോജ്യമായ ചികിത്സ തീരുമാനിക്കാനും നിർണായക സമയം നഷ്ടപ്പെടാതിരിക്കാനും കഴിയും.” അദ്ദേഹം പറഞ്ഞു.

“രോഗിക്ക് ആവശ്യമായ ചികിത്സ ശരിയായ സമയത്ത് ലഭിക്കണം. അനാവശ്യ ഭയമോ അവിശ്വാസമോ മൂലം ജീവൻ രക്ഷിക്കാവുന്ന അടിയന്തര ചികിത്സ വൈകാൻ പാടില്ല.” ഡോ. ലൂയി ഫിഷർ പറഞ്ഞു.