ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിവാലന്റ് ഹ്യൂമൻ പപ്പിലോമവൈറസ് (qHPV) വാക്സിനായ സെർവാവാക്കിന് (Cervavac) ലോകാരോഗ്യ സംഘടനയുടെ (WHO) പ്രീക്വാളിഫിക്കേഷൻ ലഭിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച വാക്സിൻ എച്ച്.പി.വി ടൈപ്പ് 6, 11, 16, 18 എന്നിവയ്ക്കെതിരെയാണ് പ്രവർത്തിക്കുക.

To advertise here,

ആരോഗ്യ ഉത്പ്പന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്ന ഗുണനിലവാര പദ്ധതിയാണിത്.

എച്ച്.പി.വിക്കെതിരായ ആഗോള പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന ചുവടുവെപ്പാണ് സെർവാവാക്കിന് ലോകാരോഗ്യ സംഘടനയുടെ ലഭിച്ച അംഗീകാരമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്ലിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല പറഞ്ഞു. ‌തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഈ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്നും ആഗോള ആരോഗ്യ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കാൻ കാത്തിരിക്കുന്നനുവെന്നും അദാർ പൂനാവാല പറഞ്ഞു.

9 മുതൽ 26 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമാണ് സെർവാവാക്ക് വാക്സിൻ നിർദേശിക്കുന്നത്. ഇന്ത്യയിൽ ഇതിന്റെ ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മുമ്പ് അനുമതി നൽകിയിട്ടുണ്ട്.

പെൺകുട്ടികളിലും സ്ത്രീകളിലുമുണ്ടാകുന്ന എച്ച്.പി.വി ടൈപ്പ് 16, 18 എന്നിവ മൂലം ഉണ്ടാകുന്ന ഗർഭാശയമുഖ കാൻസർ (Cervical), വൾവർ, യോനി, ഗുഹ്യനാളി കാൻസർ എന്നിവയ്ക്കും എച്ച്.പി.വി ടൈപ്പ് 6, 11 എന്നിവ മൂലം ഉണ്ടാകുന്ന ജനനേന്ദ്രിയ അരിമ്പാറ (കൊണ്ടിലോമ അക്യുമിനാറ്റ) എന്നിവയ്ക്കും ആൺകുട്ടികളിലും പുരുഷന്മാരിലുമുണ്ടാകുന്ന എച്ച്.പി.വി ടൈപ്പ് 16, 18 എന്നിവ മൂലം ഉണ്ടാകുന്ന ഗുഹ്യനാളിയിലെ കാൻസർ, എച്ച്.പി.വി ടൈപ്പ് 6, 11 എന്നിവ മൂലം ഉണ്ടാകുന്ന ജനനേന്ദ്രിയ അരിമ്പാറ (കൊണ്ടിലോമ അക്യുമിനാറ്റ) തുടങ്ങിയവയ്ക്കെതിരെയാണ് വാക്സിൻ പ്രവർത്തിക്കുക.

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സർവ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതൽ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാൽ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവർക്കും സെർവിക്കൽ കാൻസർ ഉണ്ടാകുന്നില്ല.

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വർഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതിൽ 15 ശതമാനം പേരിൽ അണുബാധ സ്ഥിരമായി നിൽക്കാം. ഇതിൽ 5 ശതമാനം പേർക്ക് സെർവിക്കൽ കാൻസറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങൾ ഉണ്ടാകാം.

തൊലിപ്പുറത്തും സ്വകാര്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

1. HPV വാക്സിനേഷൻ

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.

2. സ്ഥിരമായ പരിശോധന

30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.