
തിരുവനന്തപുരം: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്കുമാത്രം വീട്ടിൽ പരിചരണം അനുവദിക്കും. ആരോഗ്യവകുപ്പ് ചുവപ്പുപട്ടികയിൽപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കാനും വീട്ടിൽ കഴിയാൻ മാനസികമായി തയ്യാറുള്ളവർക്കും മാത്രമാകും ഇതിന് അനുമതി നൽകുക.
രോഗബാധിതരും ലക്ഷണം പ്രകടിപ്പിക്കാത്തവരുമായ ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽ പരിചരണം അനുവദിച്ചതിനുപിന്നാലെയാണ് മറ്റുള്ളവർക്കും അതിനുള്ള അനുമതിനൽകി ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കിയത്. കേന്ദ്രസർക്കാരും സംസ്ഥാനത്തെ വിദഗ്ധസമിതിയും ഇതിനുള്ള നിർദേശം നേരത്തേ നൽകിയിരുന്നു.
കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണം 70 ശതമാനത്തോളം നിറയുന്ന മുറയ്ക്ക് ലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ പരിചരിക്കാൻ തുടങ്ങാനാണ് നിർദേശം. രോഗികളുടെ എണ്ണം അത്രത്തോളം ഉയരുമ്പോഴേക്കും ലക്ഷണങ്ങളുള്ളവരെ പരിചരിക്കാൻ കൂടുതൽ സൗകര്യങ്ങൾ വേണ്ടിവരും. ഇതിനുമുന്നോടിയായി ടെലിമെഡിസിൻ, ആംബുലൻസ് സൗകര്യം തുടങ്ങിയവ ജില്ലകളിൽ സജ്ജമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് ഗുരുതരരോഗങ്ങളില്ലാത്തവരെയും വീടുകളിൽ പ്രത്യേക മുറിയിൽ കഴിയാൻ സൗകര്യമുള്ളവരെയുംമാത്രമാണ് വീട്ടുപരിചരണത്തിന് അനുവദിക്കുക. സന്ദർശകരെ അനുവദിക്കില്ല. രോഗികൾക്ക് വീട്ടിൽ മറ്റാരുമായും സമ്പർക്കത്തിന് സാഹചര്യമുണ്ടാകരുത്. ആരോഗ്യവാനായ ഒരാൾ എല്ലാ മുൻകരുതലുകളും പാലിച്ച് രോഗിയുടെ സഹായത്തിനുണ്ടാകണം. 12 വയസ്സിൽ താഴെയുള്ള കുട്ടികളോടൊപ്പം രക്ഷിതാക്കളിൽ ഒരാളെക്കൂടി അനുവദിക്കും. എന്നാൽ, മൂന്നാമതൊരാൾ അവരുടെ പരിചരണത്തിനുണ്ടാകണം.
രോഗിയുടെ വീട്ടിലേതടക്കമുള്ള സാഹചര്യങ്ങൾ പ്രാഥമിക ആരോഗ്യ സുരക്ഷാസംഘം പരിശോധിച്ച് ഉറപ്പാക്കിയശേഷമാകും വീട്ടിൽ പരിചരണം അനുവദിക്കുക.
Content Highlights:Corona Virus outbreak Home care is only for those who do not have Covid 19 symptoms, Health
Published: 08 Aug 2020, 08:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented