തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും സ്വന്തംവീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുക കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം. 24 മണിക്കൂറും വീട്ടില്‍ പരിചരിക്കാന്‍ ആളുണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ പ്രധാന നിര്‍ദേശം.

To advertise here,

കോവിഡ് രോഗികളില്‍ പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, ഗുരുതര ശ്വാസകോശ, കരള്‍, വൃക്കരോഗങ്ങള്‍, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ള അറുപതിനുമേല്‍ പ്രായമുള്ളവരെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ. സ്വയം ഐസൊലേഷനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ രോഗിയില്‍നിന്ന് പ്രത്യേക സത്യവാങ്മൂലം വാങ്ങണം. പരിചരിക്കുന്നയാള്‍ക്ക് ജാഗ്രതാസമിതിയുമായും ആരോഗ്യപ്രവര്‍ത്തകരുമായും ബന്ധപ്പെടുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടാവണം. വീടുകളില്‍ പരിചരിക്കപ്പെടുന്ന രോഗികളെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി അവലോകനം ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കാമെന്നും സമിതി നിര്‍ദേശിക്കുന്നു.

തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളില്‍ പകുതിയും നിറഞ്ഞ സാഹചര്യത്തിലാണ് ലഘുലക്ഷണങ്ങളുള്ളവരെയും രോഗലക്ഷണങ്ങളില്ലാത്തവരെയും വീടുകളില്‍ പരിചരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ദിവസം 2700 വരെ ആയേക്കാമെന്നാണ് വിലയിരുത്തല്‍. 101 പ്രാഥമിക ചികിത്സാകേന്ദ്രങ്ങളില്‍ 12,801 കിടക്കകളാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ 45 ശതമാനം നിറഞ്ഞതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

രണ്ടാംഘട്ടമായി 229 കേന്ദ്രങ്ങളും മൂന്നാംഘട്ടത്തില്‍ 480 കേന്ദ്രങ്ങളും സജ്ജമാക്കാനാണ് നിര്‍ദേശം.

പുനപ്പരിശോധിക്കണമെന്ന് ഡോക്ടര്‍മാര്‍
രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരെയും വീടുകളില്‍ത്തന്നെ പരിചരിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം പുനപ്പരിശോധിക്കണമെന്ന് കേരള ഗവണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍.

രോഗംസ്ഥിരീകരിച്ച് ആദ്യദിവസങ്ങളില്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍പ്പോലും രോഗം പകര്‍ത്താനുള്ള ശേഷി കൂടുതലാണ്. അത്തരക്കാരെ വീടുകളില്‍ പരിചരിക്കുന്നത് സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ കാരണമാകും. അഞ്ചുദിവസമെങ്കിലും അവരെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചശേഷമേ വീടുകളിലേക്ക് അയക്കാവൂവെന്നും ആരോഗ്യസെക്രട്ടറിക്ക് നല്‍കിയ കത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ചികിത്സയ്‌ക്കെത്തുന്ന ഗര്‍ഭിണികള്‍ക്ക് കോവിഡ് നിര്‍ണയ പരിശോധന ആവശ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കാന്‍ ഇതാവശ്യമാണെന്നും അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ഡോ. ജ്യോതി ഇഗ്‌നേഷ്യസും സെക്രട്ടറി ഡോ. ജി. സുപ്രഭയും പറഞ്ഞു.

Content Highlights: Corona Virus outbreak, Home care for Covid19 patient mandatory helper at home, Health