മഞ്ചേരി: ജില്ലയുടെ പലഭാഗങ്ങളിലും ചെങ്കണ്ണ് പടരുന്നു. രോഗം ബാധിച്ച് ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 150-ഓളം പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഇവരിൽ അധികവും സ്കൂളിൽപോകുന്ന കുട്ടികളാണ്. കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണിന് (കൺജങ്റ്റിവൈറ്റിസ്) കാരണം. ഇത് ബാക്ടീരിയയോ വൈറസോ കൊണ്ടാകാം. കൂടുതലും വൈറസ് അണുബാധമൂലമുള്ളതാണ്. അലർജികൊണ്ടും ചെങ്കണ്ണുണ്ടാകാം.
ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പുനിറം, ചൊറിച്ചിൽ, വേദന, വെള്ളമൊഴുകൽ, പോള തടിപ്പ്, പീളകെട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽത്തന്നെ ചികിത്സ തേടിയില്ലെങ്കിൽ ചിലപ്പോൾ ഇത് നേത്രപടലത്തെ ഗുരുതരമായി ബാധിച്ചേക്കാം. രോഗംവന്നാൽ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അതാണ് കണ്ണിന് ചുവന്ന നിറമുണ്ടാക്കുന്നത്.
സൂക്ഷിച്ചാൽ പകരില്ല
എളുപ്പത്തിൽ പടരുന്ന രോഗമായതിനാൽ വീട്ടിലോ സ്ഥാപനത്തിലോ ഒരാൾക്ക് വന്നാൽ എല്ലാവരിലേക്കും വ്യാപിക്കും. രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവ്വൽ, കണ്ണട, കംപ്യൂട്ടർ മൗസ്, ഭക്ഷണപ്പാത്രങ്ങൾ, വെള്ള ടാപ്പ്, തോർത്ത്, പുസ്തകം, പേന തുടങ്ങിയവയിലൂടെയോ രോഗാണുക്കൾ പകരും.
രോഗബാധയുള്ളവർ പൊതു ഇടങ്ങളിൽനിന്ന് മാറിനിൽക്കുന്നതാണ് പകരാതിരിക്കാൻ നല്ലത്.
സ്വയം ചികിത്സിക്കരുത്
ഇപ്പോൾ അധികവും കണ്ടുവരുന്നത് വൈറസ്ബാധ കൊണ്ടുള്ള ചെങ്കണ്ണാണ്. സാധാരണ ഒരാഴ്ചയ്ക്കകം ഇതുമാറും. രോഗം വന്നവർ സ്വയംചികിത്സിക്കരുത്. നേത്രരോഗവിദഗ്ധന്റെ ചികിത്സ തേടണം രോഗം ബാധിച്ചാൽ കണ്ണിന് പൂർണ വിശ്രമമാണ് ആവശ്യം. കണ്ണുകൾ ഇടയ്ക്കിടെ ശുദ്ധവെള്ളത്തിൽ കഴുകിയാൽ രോഗാണുക്കൾ പെരുകുന്നത് തടയാം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.
ഡോ.രേഖ
അസിസ്റ്റന്റ് പ്രൊഫസർ
നേത്രരോഗവിഭാഗം
മഞ്ചേരി മെഡിക്കൽ കോളേജ്
Content Highlights: conjunctivitis cases rising in children
Published: 19 Sept 2023, 10:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented