സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ എന്ന നിലയില്‍ പ്രശസ്തനാണ് മുനവ്വര്‍ ഫാറൂഖി. ബിഗ് ബോസ് സീസണ്‍ 17 വിജയി കൂടിയായ മുനവ്വറിനെ 14 മില്ല്യണില്‍ കൂടുതല്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയാണ് മുനവ്വര്‍.
പിതാവെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടതെന്നും മകന് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാവസാക്കി രോഗമായിരുന്നെന്നും മുനവ്വര്‍ പറയുന്നു. അന്ന് ഒന്നര വയസായിരുന്നു മകന്‍ മിഖായേലിന്റെ പ്രായം. 25000 രൂപ വില വരുന്ന ഇഞ്ചക്ഷനുകളാണ് മകന് എടുക്കേണ്ടിയിരുന്നതെന്നും അന്ന് താന്‍ പണത്തിനായി ഒരുപാട് കഷ്ടപ്പെട്ടുവെന്നും മുനവ്വര്‍ മനസ് തുറയ്ക്കുന്നു.
'മകന് രോഗം സ്ഥിരീകരിച്ച സമയത്ത് മൂന്ന് ഇഞ്ചക്ഷനുകള്‍ എടുക്കേണ്ടി വന്നു. അതിന് 75000 രൂപ വേണമായിരുന്നു. പക്ഷേ എന്റെ പോക്കറ്റില്‍ ആകെ 700-800 രൂപ മാത്രമാണുണ്ടായിരുന്നത്. അതൊന്നും പുറത്തു കാണിക്കാതെ ഡോക്ടറുടെ മുന്നില്‍ ഞാന്‍ ധൈര്യത്തോടെ നിന്നു. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ എന്തു ചെയ്യണം എന്ന് എനിക്ക് മനസിലായില്ല. അര മണിക്കൂറോളം ഞാന്‍ തരിച്ചുനിന്നു. ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു അത്.' മുനവ്വര്‍ വ്യക്തമാക്കുന്നു.
മുനവ്വറിന് ആദ്യ ഭാര്യ ജാസ്മിനിലുണ്ടായ മകനാണ് മിഖായേല്‍. 2017-ല്‍ വിവാഹിതരായ ഇരുവരും 2020-ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് മേക്കപ്പ് ആര്‍ട്ടിസ്റ്റായ മെഹ്‌സബീനെ വിവാഹം ചെയ്തു. മെഹ്‌സബീനും ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകളുണ്ട്.
എന്താണ് കാവസാക്കി രോഗം?
പ്രധാനമായും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂര്‍വവും ഗുരുതരവുമായ രോഗമാണ് കാവസാക്കി. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ ഉള്‍പ്പെടെ ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകള്‍ക്ക് വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഏറെ അപകടകരമായ രോഗമാണെങ്കിലും നേരത്തേയുള്ള രോഗനിര്‍ണയം സങ്കീര്‍ണതകള്‍ ഒഴിവാക്കും.
ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വൈറസ് മൂലമോ ജനിതകമായോ ഉണ്ടാകുന്ന രോഗമാണെന്നാണ് അനുമാനം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇത് പകര്‍ച്ചാവ്യാധിയല്ല.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ പനിയാണ് പ്രധാന രോഗലക്ഷണം. കണ്ണിലും വായിലുമുള്ള ചുവപ്പ്, നെഞ്ചിലും വയറിലും ജനനേന്ദ്രിയ ഭാഗങ്ങളിലും ചുവന്ന് തടിച്ച പാടുകള്‍, കൈകകളിലും കാലുകളിലും നീരും ചുവപ്പ് നിറവും, മുട്ടുകള്‍ ഉള്‍പ്പെടെയുള്ള സന്ധികളില്‍ വീക്കം എന്നിവയെല്ലാം ലക്ഷണങ്ങളാണ്. രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാനാകും.
Content Highlights: comedian munawar faruqui opened up about personal struggle
Published: 09 Dec 2024, 01:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented