കൊച്ചി: നാലാമത്  കൊച്ചി അന്താരാഷ്ട ഓര്‍ത്തോപീഡിക് സമ്മേളനം (സി.ഐ. ഒ. എസ് - 2023 )  ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോപീഡിക് സര്‍ജന്മാര്‍ക്ക് മുന്നിലെത്തുന്ന സാരമായ കേസുകളില്‍ 90 ശതമാനവും റോഡ് അപകടങ്ങളാണെന്ന് ജസ്റ്റിസ് സോഫി തോമസ്   പറഞ്ഞു. റോഡ് അപകടങ്ങളില്‍പ്പെട്ടവര്‍ക്ക്   അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍   പൊതുജനം, പോലീസ്, ആംബുലന്‍സ്, ആശുപത്രി, ഓണ്‍ലൈന്‍ ഡാറ്റ സഹായം എന്നിവ ചേരുന്ന  ശൃംഖലയുടെ  ആവശ്യമുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും പ്രഥമ ശുശ്രൂഷ പരിശീലനവും  ബോധവത്ക്കരണ ക്ലാസുകളും ആവശ്യമാണെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.

To advertise here,

അസ്ഥിയുടെ ഒടിവുകളും ഡിസ്‌ലൊക്കേഷനുകളും താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പുന:സ്ഥാപിക്കല്‍, സന്ധിമാറ്റിവയ്ക്കല്‍, കാല്‍പാദത്തിലെ സങ്കീര്‍ണ്ണ പരിക്കുകളുടെയും, വൈകല്യങ്ങളുടെയും ചികിത്സ,  അസ്ഥിരോഗങ്ങളിലെ ശസ്ത്രക്രിയാ വെല്ലുവിളികള്‍, സാരമായ പരിക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നൂതന ശസ്ത്രക്രിയാ രീതികള്‍ എന്നിവയാണ് രണ്ട് ദിവസത്തെ ശാസ്ത്ര സെഷനുകളില്‍ പ്രധാനമായതെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.സുജിത് ജോസ് പറഞ്ഞു.

സി.ഐ.ഒ.എസ് സ്ഥാപക ചെയര്‍മാന്‍ ഡോ.എ.എ ജോണ്‍ അധ്യക്ഷനായി. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.വേണുഗോപാല്‍,  ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.സുജിത് ജോസ്,  സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍ ടി ജോണ്‍, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ടാജന്‍ പി.ജെ, സി.ഒ.എസ് പ്രസിഡന്റ്   ഡോ. ഡെന്നിസ് പി ജോസ്,   ഡോ. ജിസ് ജോസഫ് പനക്കല്‍ എന്നിവര്‍ സംസാരിച്ചു. പീഡിയാട്രിക് ഓര്‍ത്തോപീഡിക്സ്, ഓങ്കോളജി, നട്ടെല്ല് ശസ്ത്രക്രിയ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകള്‍ക്ക് പുറമേ, ജര്‍മ്മനിയില്‍ നിന്നുള്ള പ്രോ ഇംപ്ലാന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അണുബാധ സംബന്ധിച്ച ശാസ്ത്ര പരിപാടിയും സംഘടിപ്പിച്ചു .ഇരുപത് രാജ്യാന്തര ഫാക്കല്‍റ്റികളും എഴുപതോളം ദേശീയ ഫാക്കല്‍റ്റികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം വിദഗ്ധര്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.