പാലക്കാട്: കനത്തചൂടും ഇടയ്ക്കിടെയുള്ള മഴയുമടക്കം മാറിമറിയുന്ന കാലാവസ്ഥയിൽ രോഗങ്ങളും പടരുന്നു. എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, ചെങ്കണ്ണ് തുടങ്ങിയവ വ്യാപകമാകുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെടുന്ന മഞ്ഞപ്പിത്തം ബാധിക്കുന്നവർ കൂടുന്നു. 2023 ജനുവരിമുതൽ ഒക്ടോബർ 26 വരെ സംസ്ഥാനത്ത് 590 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചു.
ഒക്ടോബറിൽമാത്രം 137 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 148 പേർക്ക് ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെടുന്ന മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. രണ്ടുപേർ മരിച്ചു.
എലിപ്പനിമൂലം മരിച്ചത് 70 പേർ
മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും എലിപ്പനി പടരുന്നുണ്ട്. 1,720 പേരാണ് ഈ വർഷം ഇതുവരെ എലിപ്പനിബാധിച്ച് ചികിത്സ തേടിയത്.
70 പേർ മരിച്ചു. ഒക്ടോബറിൽമാത്രം ഇതുവരെ 12 പേരാണ് എലിപ്പനിമൂലം മരിച്ചത്. 280 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2022 ജനുവരിമുതൽ ഒക്ടോബർ 31 വരെ 2,053 പേർക്ക് എലിപ്പനി ബാധിച്ചിരുന്നു. 94 പേർ മരിച്ചു.
ചിക്കൻപോക്സ് ബാധിച്ചവർ മൂന്നിരട്ടി
വേനൽക്കാലത്ത് വ്യാപകമായിരുന്ന ചിക്കൻപോക്സ് കുറച്ചുവർഷമായി എല്ലാ കാലാവസ്ഥയിലും കണ്ടുവരുന്നുണ്ട്. ഈ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 2022-ലേക്കാൾ മൂന്നിരട്ടി വർധനയാണ് ഇത്തവണയുണ്ടായത്. 22,060 പേർക്കാണ് ഇൗ വർഷം ഇതുവരെ ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 7,080 പേരാണ് രോഗംബാധിച്ച് ചികിത്സ തേടിയത്. 12 പേർ മരിച്ചു.
വിഷമിപ്പിച്ച് ചെങ്കണ്ണും
വൈറൽപനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണിൽ അണുബാധയും കണ്ടുവരുന്നുണ്ട്. നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകും. അല്ലാത്തവർ കൂടുതൽ ശ്രദ്ധിക്കണം. കണ്ണിലെ വൈറസ് ബാധയാണ് രോഗകാരണം.
സാധാരണ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് കണ്ണിൽ അണുബാധ കണ്ടുവരുന്നതെങ്കിലും ഇപ്പോൾ എല്ലാമാസങ്ങളിലും രോഗമുണ്ടാകുന്നതായി ഡോക്ടർമാർ പറയുന്നു.
പ്രതിരോധനടപടികൾ സ്വീകരിച്ചു
നിലവിൽ എല്ലാ കാലാവസ്ഥയിലും അസുഖങ്ങൾ പടരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എലിപ്പനിപോലുള്ള രോഗങ്ങൾ മഴക്കാലത്ത് കൂടുതൽ പടരുന്നതിനാൽ രോഗസാധ്യതയുള്ളവർക്ക് ഡോക്സിസൈക്ലിൻപോലുള്ള ഗുളികകൾ നൽകി പ്രതിരോധ നടപടികൾ സ്വീകരിക്കാറുണ്ട്.
മഞ്ഞപ്പിത്തംപോലുള്ള രോഗം ചെറുക്കാൻ ശുദ്ധജലത്തിന്റെയും ശുദ്ധമായ ആഹാരത്തിന്റെയും ഉപയോഗം ഉറപ്പുവരുത്തുന്നതിന് ബോധവത്കരണവും കിണർ ശുദ്ധീകരിക്കലും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. മറ്റസുഖങ്ങൾക്കെതിരേയും ജാഗ്രതാനിർദേശം നൽകാറുണ്ട്.
- ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്
Content Highlights: climate change increase spread of infectious diseases
Published: 28 Oct 2023, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented