മുലയൂട്ടലിന്റെ പ്രാധാന്യത്തേക്കുറിച്ച് അവബോധം പകരാൻ വേണ്ടിയാണ് ഓ​ഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും രോ​ഗപ്രതിരോധശേഷിയിലും മുലപ്പാലിന്റെ സ്ഥാനം വലുതാണ്. ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മക്കളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ​ഗായിക ചിന്മയി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് രണ്ടുമക്കളെയും മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവെച്ചത്. 

To advertise here,

രണ്ടുമക്കൾക്കും ഒരേസമയം മുലയൂട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണെന്നു പറഞ്ഞാണ് ചിന്മയി കുറിപ്പ് ആരംഭിക്കുന്നത്. കിടന്നും നിന്നും ഇരുന്നും ചാഞ്ഞുമൊക്കെ അവരെ മുലയൂട്ടിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുതോന്നുന്ന ഏത് പൊസിഷനിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണെന്നും ചിന്മയി കുറിച്ചു. 

നേരത്തേയും മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ചിന്മയി ഇതേ ചിത്രം പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മനോഹമായ കാര്യമാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് അന്ന് ചിത്രം പോസ്റ്റ് ചെയ്തത്. 

2022 ജൂണിലാണ് ചിന്മയിക്കും നടനും സംവിധായകനുമായ രാഹുലിനും ഇരട്ടക്കുട്ടികൾ പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കളുടെ പേര്. 

എങ്ങനെ മുലയൂട്ടണം? 

പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല. ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്.

സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.

മാനസികാവസ്ഥ പ്രധാനം

അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാൽ, മുലപ്പാൽ കുറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിൻപാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.

ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.